ഇ. ശ്രീധരന്റെ മഹാപതനം – അബൂബക്കർ

കാലത്തു മുതല്‍ വൈകീട്ട് വരെ വെള്ളം കോരിയതിനുശേഷം കുടം എറിഞ്ഞുടച്ചു എന്ന ചൊല്ലുണ്ട്. അതുപോലെയായി മെട്രോമാന് എന്ന് വിളിക്കപ്പെടുന്ന ഇ.ശ്രീധരന്റെ സ്ഥിതി.
ബിജെപിയില്‍ പോകാന്‍ തീരുമാനിച്ച ശ്രീധരന് പറയുന്ന കാര്യങ്ങളും ഉന്നയിക്കുന്ന ആക്ഷേപങ്ങളും നോക്കു.
1. ആര്.എസ്.എസ് ഏറ്റവും വലിയ ദേശസ്നേഹ പ്രസ്ഥാനമാണ്. വെറുതെ അവരെ വര്‍ഗീയശക്തി എന്ന് വിളിക്കരുത്.
2. പിണറായി വിജയന്റെത് ഏകാധിപത്യ ഭരണമാണ്. പിണറായി വിജയന് വീണ്ടും അധികാരത്തില്‍ വന്നാല്‍ അതു ദുരന്തമാകും.
3. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ആര്യാടന് മുഹമ്മദും നന്മയുള്ളവരാണ്. അവരെ വലിയ ഇഷ്ടം.
4. രാജ്യസഭയില്‍ പോയിട്ട് കാര്യമില്ല. അതു പാഴാണ്. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. വെറുതെ കുറച്ചുചോദ്യങ്ങള്‍ ചോദിക്കാമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല.
എഞ്ചിനീയറിംഗ് രംഗത്ത് അത്ഭുതങ്ങള്‍ കാണിച്ച വിദഗ്ധനാണ് ശ്രീധരന്. പാമ്പന്‍പാലവും കൊങ്കണ്‍ റെയില്‍വെയും ഡല്‍ഹി മെട്രോയുമെല്ലാം അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന്റെ മായാത്ത അടയാളങ്ങളാണ്. എന്നാല്‍ അദ്ദേഹത്തില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന പ്രതികരണങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നവരെ ദുഃഖിപ്പിക്കുന്നതാണ്. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയും ഹിന്ദുരാഷ്ട്രവാദവുമായി മുമ്പോട്ടുപോവുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനാണ് അദ്ദേഹം തീരുമാനിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം പോലും നിഷേധിക്കുകയും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് നരേന്ദ്രമോദി ചെയ്യുന്നത്. വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലില്‍ അടയ്ക്കുന്നു. പത്രപ്രവര്‍ത്തകരായാലും കലാകാരډാരായാലും ബുദ്ധിജീവികളായാലും പരിസ്ഥിതി പ്രവര്‍ത്തകരായാലും ഹിന്ദുത്വ കര്‍മപദ്ധതിയെ എതിര്‍ക്കുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കും. അങ്ങനെയൊരു പ്രസ്ഥാനത്തിന്റെ കൂടെ പോകാന്‍ ശ്രീധരന് തീരുമാനിച്ചെങ്കില്‍ അതു ആത്മഹത്യചെയ്യുന്നതിന് തുല്യമാണ്.
ആര്.എസ്.എസ് ദേശസ്നേഹ പ്രസ്ഥാനമാണെന്നാണ് ശ്രീധരന്റെ കണ്ടുപിടുത്തം. ശാസ്ത്രവും സാങ്കേതികവിദ്യയും പഠിച്ച അദ്ദേഹം ചരിത്രപാഠങ്ങളൊന്നും മറിച്ചുനോക്കിയിട്ടില്ലെന്ന് പറയേണ്ടിവരും. ഒട്ടും ചരിത്രബോധമില്ലാതെ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തുമല്ലോ എന്ന് ആശങ്കയുണ്ട്.
1925ലാണ് ആര്.എസ്.എസ് സ്ഥാപിതമായത്. എന്നാല്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ രാജ്യമെങ്ങും നടന്ന പ്രക്ഷോഭങ്ങളിലൊന്നും ആര്.എസ്.എസ്സിന് പങ്കില്ലെന്നു മാത്രമല്ല. അവര്‍ ബ്രിട്ടീഷ്ക്കാര്ക്കൊപ്പമായിരുന്നു. ബ്രിട്ടീഷുകാരല്ല, മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ശത്രുക്കള്‍ എന്നായിരുന്നു അവരുടെ നിലപാട്. ശത്രുക്കള്‍ ഇപ്പോഴും ഈ മൂന്നു കൂട്ടര് തന്നെ.
ഹിന്ദു മഹാസഭയുടെ സ്ഥാപകനായ വിഡി സവര്‍ക്കര്‍ ആര്.എസ്.എസിന്റെ വീരപുരുഷന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ ചിത്രം ഇപ്പോള്‍ പാര്‍ലമെന്റിന്റെ ചുമരില്‍ തൂങ്ങുന്നുണ്ട്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ കഴിയുമ്പോള്‍ ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് കരഞ്ഞാണ് പുറത്തുവന്നത്. മാപ്പ് രേഖാമൂലം കൊടുത്തു. താന്‍ മേലില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വക്താവായിക്കൊള്ളാമെന്നുവരെ എഴുതികൊടത്തു. ഇതാണ് ആര്.എസ്.എസ്സിന്റെ ചരിത്രം. അവരുടെ ദേശസ്നേഹം തനി കാപട്യം. ദേശാഭിമാനികളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത പ്രസ്ഥാനമാണത്.
സ്വതന്ത്ര ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗീയ ലഹളകളിലും ആര്.എസ്.എസ്സിനു പങ്കുണ്ട്. ഇതൊക്കെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇതൊന്നും ശ്രീധരന് മനസ്സിലാക്കിയില്ലെന്നാണോ കരുതേണ്ടത്.
മുഖ്യമന്ത്രിയാകാനാണ് ശ്രീധരന് താല്പര്യം. പക്ഷേ പാര്‍ലമെന്റിനോട് ഒട്ടും മതിപ്പില്ല. രാജ്യസഭയില്‍ പോകുന്നത് പാഴാണെന്ന് കരുതുന്ന അദ്ദേഹത്തിന് പാര്‍ലമെന്ററി ജനാധിപത്യത്തോട് പുച്ഛമാണെന്ന് തോന്നുന്നു.
ഹിന്ദു വര്‍ഗീയതയെക്കെതിരെ തന്റെ പൊതുജീവിതിത്തിലുടനീളം പോരാടിയ, ഇപ്പോഴും പോടുന്ന പിണറായി വിജയനെ ശ്രീധരന് ഏകാധിപതിയെന്ന് വിളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ബിജെപിക്കും ആര്.എസ്.എസ്സിനും പറ്റിയ ചരക്കു തന്നെ. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും രാഷ്ട്രീയത്തില്‍ നല്ല മാതൃകകളായി കാണുന്ന ശ്രീധരനെപ്പറ്റി എന്തുപറയാന്‍. പ്രതിഭാശാലിയായ ഒരു മനുഷ്യന് ഇങ്ങനെ പരിഹാസ കഥാപാത്രമാവുമ്പോള്‍ ദുഃഖിക്കാനേ കഴിയൂ.
(മാധ്യമ പ്രവർത്തകൻ അബൂബക്കറിന്റെ ഫേസ്ബുക് പോസ്റ്റ് )