Lead NewsNEWS

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരു സെക്ഷന്‍സ് കോടതിയെ സമീപിച്ചാണ് അറസ്റ്റിനുള്ള അനുമതി നേടിയത്. എന്നാല്‍ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ എറണാകുളം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് കിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

രവി പൂജാരിയെ ദക്ഷിണാഫ്രിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരില്‍ എത്തിച്ചത് മുതല്‍ കൊച്ചി ക്രൈംബ്രാഞ്ചിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നു. 2018 ഡിസംബറിലാണ് കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാര്‍ലറായ ‘നെയില്‍ ആര്‍ട്ടിസ്റ്റ്രി’ യ്ക്ക് നേരെ വെടിവെപ്പ് ഉണ്ടായത്.
പനമ്പള്ളി നഗര്‍ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും 600 മീറ്റര്‍ അകലെയാണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ബ്യൂട്ടിപാര്‍ലറിലെത്തി വെടിവെക്കുകയായിരുന്നു. യമഹ എഫ് സി ബൈക്കില്‍ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചായിരുന്നു അക്രമികളെത്തിയത്. സംഭവത്തിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട പ്രതികള്‍ തങ്ങള്‍ രവി പൂജാരയുടെ ആളുകളാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള കടലാസ് ഉപേക്ഷിച്ചാണ് കടന്നത്.
നടന്‍ ധര്‍മജന്റെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബ്’ ഷോപ്പിന്റെ മുകളിലാണ് അക്രമ സംഭവമുണ്ടായ ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. അക്രമികളുടെ ദൃശ്യം ഫിഷ് ഷോപ്പിന്റെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായരുന്നു.

അതേസമയം, മുംബൈ അധോലോക നേതാവായ രവി പൂജാരിയുടെ പേരില്‍ നേരത്തെ ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. എന്നാല്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഭീഷണിയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. സംഭവ സമയം ജീവനക്കാരും കസ്റ്റമേഴ്സും മാത്രമായിരുന്നു പാര്‍ലറിലുണ്ടായിരുന്നത്. ഉടമ ഉണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന പോള്‍. മലയാളം സിനിമകളായ റെഡ് ചില്ലീസ്, ഹസ്ബന്‍സ് ഇന്‍ ഗോവ, കോബ്ര എന്നിവയിലും ജോണ്‍ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫേയിലും തമിഴില്‍ കാര്‍ത്തിയുടെ ബിരിയാണിയിലും ലീന അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും പ്രശസ്തയാണ്.

Back to top button
error: