Lead NewsNEWS

വേണമെങ്കില്‍ മുഖ്യമന്ത്രിയാകാനും തയ്യാറെന്ന് ഇ.ശ്രീധരന്‍

പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മെട്രോമാന്‍ ഇ.ശ്രീധരന്‍.

ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും ആകും പ്രാമുഖ്യം നല്‍കിയെന്നും ശ്രീധരന്‍ പറഞ്ഞു. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ലെന്നും അതുകൊണ്ടുതന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ചുമതല നല്‍കിയാല്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കില്ല. ഗവര്‍ണറാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തനിക്കു സല്‍പേരുണ്ട്. അങ്ങനെയൊരാള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇ.ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്കു വരുന്നതു കേരളത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

”എന്റെ ആശയങ്ങളും സ്വപ്നങ്ങളുമായി ചേര്‍ന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന തിരിച്ചറിവാണ് ആ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കേരളത്തില്‍ പലതും ചെയ്യാന്‍ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രത്തെ കുറ്റം പറയുകയും കേരളത്തിനു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മുടെ നാടിനു ഗുണകരമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത് അതാണ്. അതിനൊരു മാറ്റം വരാന്‍ കേരളത്തില്‍ ബിജെപിയുടെ ജനപ്രതിനിധികള്‍ വരേണ്ടത് ആവശ്യമാണ്. ബിജെപി സംസ്ഥാന നേതാക്കളാണ് എന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മൂന്നുവട്ടം വന്നു. കേന്ദ്ര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ആദ്യം അംഗത്വമെടുക്കട്ടെ. അതിനായി വലിയ പൊതുപരിപാടിയൊന്നും ആവശ്യമില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു.

Back to top button
error: