NEWS

സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക്സൗജന്യ കൈത്തറി യൂണിഫോം

സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നു. 25 ലക്ഷം കുട്ടികൾ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ വഴി പെണ്‍കുട്ടികള്‍ക്കും, SC/ST, ബി.പി.എൽ വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും മാത്രമാണ് യൂണിഫോം നല്‍കുന്നത്. ഇതിന്റെ പ്രയോജനം വെറും 7.8 ലക്ഷം കുട്ടികള്‍ക്കാണ് ലഭിക്കുന്നത്. എയ്ഡഡ് മേഖലയിലെ കുട്ടികൾ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പരിധിയിൽ വരില്ല.

അതിനാൽ സമഗ്രശിക്ഷയുടെ പരിധിയിൽ വരാത്ത 17.54 ലക്ഷം കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചെലവിൽ ആണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതിനായി 167 കോടിരൂപയാണ് ചെലവാകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷ ഈയിനത്തിൽ 47 കോടി രൂപയാണ് ചെലവു ചെയ്യുന്നത്. അതും കൂടിയാൽ യൂണിഫോമിനായി 214 കോടി രൂപ വിനിയോഗിക്കുന്നു.

സമഗ്രശിക്ഷാ കേരളത്തിന്റെ തുകയിൽ 60% കേന്ദ്രവിഹിതവും, 40% സംസ്ഥാന വിഹിതവുമാണ്. ആകെ പദ്ധതി അടങ്കലിന്റെ 60% കേന്ദ്രസര്‍ക്കാർ നല്‍കാറില്ല. ഫലത്തിൽ പ്രസ്തുത തുകയുടെ 60-65%-വും സംസ്ഥാന സര്‍ക്കാർ വിഹിതമായി മാറുന്നു.

കുട്ടികളുടെ യൂണിഫോം എന്നത് നാടിൻ്റെ ആവശ്യമാണ്. ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തത്. കൈത്തറി മേഖല പലവിധ പ്രശ്നങ്ങളെ നേരിടുന്നതായിരുന്നു. അവിടെ പണിയെടുക്കുന്നവരുടെ ജീവിതം ക്ലേശകരമാകുന്ന സ്ഥിതിയുണ്ടായി. തറികളെല്ലാം തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടായി. ഈ മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോൾ കുട്ടികള്‍ക്ക് നല്ല വസ്ത്രവും ലഭിച്ചു. ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടി.

Back to top button
error: