Lead NewsNEWS

പിഎസ് സി ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ആത്മാര്‍ത്ഥയില്ലാത്തത്:മുല്ലപ്പള്ളി

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തുടക്കം മുതല്‍ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമര്‍ത്തുകയും ചെയ്തവരാണ് സിപിഎം. ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്.കോണ്‍ഗ്രസിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിന് വമ്പിച്ച ജനപിന്തുണ ലഭിക്കുന്നുണ്ടെന്നുള്ള വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തി. അതാണ് പൊടുന്നനെയുള്ള മനം മാറ്റത്തിന് കാരണം.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം.ആദ്യം മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ്.ഇതുതന്നെയാണ് കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാരും മുഖ്യമന്ത്രിയും നിരസ്സിച്ചു. ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളാക്കി മന്ത്രിമാര്‍ പരിഹാസ വര്‍ഷം ചൊരിഞ്ഞു.

ഉദ്യോഗാര്‍ത്ഥികളുമായി ഒരുഘട്ടത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കില്‍ ഗുരുതരഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ ഡിവൈ എഫ് ഐയെ ഉപയോഗിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു.അത് പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവുനയവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.

Back to top button
error: