Lead NewsNEWS

വീട് ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവുമായി ഉദ്യോഗസ്ഥരെത്തി; വീട്ടമ്മ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

പുത്തൂര്‍ : വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വീട് ജപ്തി ചെയ്യാനുള്ള കീഴ്കോടതി ഉത്തരവുമായി ബാങ്ക് ഉദ്യോഗസ്ഥരെത്തി. അതിനെതിരെ മേല്‍ക്കോടതിയില്‍ ഹർജി നല്‍കിയിട്ടും അധികൃതര്‍ കനിഞ്ഞില്ല. ഇതോടെ കടുത്ത മാനസികവിഷമത്തിലായ വീട്ടമ്മ മുറിയിലേക്ക് ഓടിക്കയറുകയും സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കർണാടകയിലെ പുത്തൂര്‍ ഹരാഡി റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ രഘുവീര്‍ പ്രഭുവിന്റെ ഭാര്യ പ്രാര്‍ത്ഥനാ പ്രഭു (52)വാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പും എഴുതിവെച്ചിരുന്നു. രഘുവീര്‍ പ്രഭു മംഗളൂരുവിലെ ദേശസാല്‍കൃതബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്തിരുന്നു. അതു തിരിച്ചക്കുന്നതില്‍ നിരന്തരം വീഴ്ച വന്നതോടെ ബാങ്കധികൃതര്‍ കോടതിയെ സമീപിച്ചു. ഇതെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവുണ്ടായത്. എന്നാല്‍ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രഘുവീര്‍ പ്രഭു മേല്‍കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് ബാങ്കുദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാൻ എത്തിയതെന്ന് രഘുവീര്‍ പ്രഭു ആരോപിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രാര്‍ത്ഥനയും വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളും പരിഭ്രാന്തരാകുകയും കേസ് കോടതിയിലുള്ളതിനാല്‍ ജപ്തി ചെയ്യരുതെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിക്കാതെ ജപ്തിനടപടികള്‍ക്കായി വീടിനകത്ത് പ്രവേശിച്ചു. ഇതോടെ പ്രാര്‍ത്ഥന മുറിക്കുള്ളിലേയ്ക്ക് ഓടിക്കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

വീട് ജപ്തി ചെയ്യുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ പിറകുവശത്തെയും മുന്‍ഭാഗത്തെയും വാതിലുകള്‍ പൂട്ടിയിട്ടിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്ക് അനാവശ്യതിടുക്കം കാണിച്ചെന്നും ഇത് ഒരു ജീവന്‍ നഷ്ടമാകാനാണ് ഇടവരുത്തിയതെന്നും നഗര ആസൂത്രണ അതോറിറ്റി ചെയര്‍മാന്‍ ഭാമി ഷെനോയ് ആരോപിച്ചു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജംബുരാജ് മഹാജന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രഘുവീര്‍ പ്രഭു ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: