മരിച്ചു എന്നു കരുതി ശവസംസ്‌കാരം നടത്തിയ ആൾ ജീവനോടെ കണ്‍മുന്നില്‍… ഞെട്ടൽ മാറാതെ കുടുംബം; മൃതദേഹം ആരുടെ തെന്നറിയാതെ പൊലീസ് നെട്ടോട്ടത്തിൽ

ബെല്‍ത്തങ്ങാടി: മരിച്ചുവെന്ന് കരുതിയ ആള്‍ സംസ്‌കാരച്ചടങ്ങിന് ശേഷം ജീവനോടെ കണ്‍മുന്നിലെത്തിയപ്പോള്‍ കുടുംബം അമ്പരന്നു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഗാര്‍ഡഡിയില്‍ ശ്രീനിവാസ് ദേവാഡിഗ (60) മരിച്ചെന്നുകരുതി മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചു. ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് ശ്രീനിവാസ് ദേവാഡിഗ വീട്ടിലെത്തിയത്.

ജനുവരി 26 മുതല്‍ ശ്രീനിവാസിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് മക്കള്‍ ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെ ഫെബ്രുവരി മൂന്നിന് ഒഡിനാല ഗ്രാമത്തിലെ കുല്ലുഞ്ച കുളത്തില്‍ മുഖം തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം ശ്രീനിവാസിന്റേതാണെന്ന് കരുതി ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ചടങ്ങ് അവസാനിച്ചതോടെയാണ് കുടുംബത്തെ അമ്പരപ്പിച്ചുകൊണ്ട് ശ്രീനിവാസ് എത്തിയത്. ശ്രീനിവാസ് മദ്യത്തിന് അടിമയാണ്. ഇയാള്‍ വീടുവിട്ട ശേഷം സഹോദരന്റെ വസതിയില്‍ താമസിക്കുകയും തുടര്‍ന്ന് മംഗളൂരുവിലുള്ള ബന്ധുവീട്ടില്‍ പോകുകയും ചെയ്തു. ഇവിടെ നിന്നും ഇറങ്ങിയ ശേഷം പലയിടങ്ങളിലായി കറങ്ങിനടന്ന് ശ്രീനിവാസ് ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഇതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതെന്നറിയാന്‍ പൊലീസ് നെട്ടോട്ടത്തിലാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version