Lead NewsNEWS

വിവാദ ജഡ്ജിയുടെ വിധി പ്രസ്താവത്തില്‍ പ്രതിഷേധം; 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് യുവതി

മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് പ്രതിഷേധിച്ചതായി ഗുജറാത്ത് സ്വദേശിനി. ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്ക്കാണ് ദേവശ്രീ ത്രിവേദിയെന്ന യുവതി ഉറകള്‍ അയച്ച് കൊടുത്തത്. മാത്രമല്ല ജസ്റ്റിസിന്റെ ചേംബറുള്‍പ്പെടെ പന്ത്രണ്ട് ഇടങ്ങളിലേക്കും ഉറകള്‍ അയച്ചതായി യുവതി അവകാശപ്പെട്ടു.

അനീതി പൊറുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയ്ക്ക് ജഡ്ജിയുടെ വിധിപ്രസ്താവം കാരണം നീതി ലഭിക്കാതെ പോയെന്നും ദേവിശ്രി വ്യക്തമാക്കി. വിവാദ വിധിപ്രസ്താവം നടത്തിയ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ദേവശ്രീ ത്രിവേദി ആവശ്യപ്പെട്ടു.

അതേസമയം, ഫെബ്രുവരി 13ന് ജസ്റ്റിസിന് ഒരു വര്‍ഷം കൂടി ജഡ്ജിയായി തുടരാന്‍ അനുമതി നല്‍കിയിരുന്നു.സുപ്രീം കോടതി കൊളീജിയം രണ്ടു വര്‍ഷത്തെ കാലാവധി ശുപാര്‍ശ ചെയ്തെങ്കിലും അതു ചോദ്യം ചെയ്യാതെ സര്‍ക്കാര്‍ ഒരു വര്‍ഷം മാത്രം നീട്ടി നല്‍കുകയായിരുന്നു.

സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനു മുന്‍പ് രണ്ടു വര്‍ഷം അഡീഷനല്‍ ജഡ്ജിയായി നിയമിക്കാറാണ് പതിവ്. അതേസമയം, മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം നേരത്തെ പിന്‍വലിച്ചിരുന്നു.

പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്‌പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ട് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. ഒരാള്‍ക്കു തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധിന്യായത്തില്‍ പുഷ്പ ഗനേഡിവാല പറയുന്നു.

2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സുളള മകളെ അയല്‍വാസിയായ സൂരജ് കാസര്‍കര്‍ എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് വിധി പരാമര്‍ശിച്ചത്. പെണ്‍കുട്ടിക്ക് പതിനെട്ടുവയസ്സുപോലും ആയില്ല എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നുവെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി വായ പൊത്തി പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുമാറ്റി പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിലാണ് ഒരാള്‍ക്ക് തനിയെ വായ പൊത്തി പിടിക്കുകയും വസ്ത്രം അഴിച്ചുമാറ്റാനും സാധിക്കില്ലെന്ന വിവാദ വിധി പുറപ്പെടുവിച്ചത്.

ഇത് ആദ്യമായല്ല ജസ്റ്റിസ് പുഷ്പയുടെ വിവാദ വിധിപ്രസ്താവനകള്‍. കഴിഞ്ഞദിവസം
പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പിന്നീട് സുപ്രീംകോടതി രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി എ.ജിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഒരു സംഭവത്തെ പോക്സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കില്‍ ലൈംഗിക ഉദ്ദേശത്തോടെ ചര്‍മവും ചര്‍മവും ചേര്‍ന്നുള്ള സ്പര്‍ശനം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

2016 ഡിസംബറില്‍ സതീഷ് എന്ന വ്യക്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.നാഗ്പുരിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പേരയ്ക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍വച്ച് പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മേല്‍വസ്ത്രം മാറ്റാതെയാണ് മാറിടത്തില്‍ സ്പര്‍ശിച്ചത്. അതിനാല്‍ത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ല. മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം.

എന്നാല്‍ ഈ വകുപ്പ് പ്രകാരം കുറഞ്ഞത് ഒരു വര്‍ഷം മാത്രമാണു തടവുശിക്ഷ. പോക്സോ ആക്ട് പ്രകാരമാണെങ്കില്‍ കുറഞ്ഞത് 3 വര്‍ഷവും. പെണ്‍കുട്ടിയുടെ മേല്‍വസ്ത്രം മാറ്റിയോ, വസ്ത്രത്തിനകത്തേക്ക് കയ്യിട്ടോ, മാറിടത്തില്‍ നേരിട്ടു കൈകൊണ്ട് സ്പര്‍ശിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ തെളിവോടെ ഉത്തരമില്ലെങ്കില്‍ കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ലൈംഗികോദ്ദേശ്യത്തോടെ ശരീരം പരസ്പരം ചേര്‍ന്ന് നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ശരീരം പരസ്പരം ചേരുക എന്നാല്‍ അതിനര്‍ഥം ചര്‍മം ചര്‍മത്തോടു ചേരുക എന്നതാണെന്നും അല്ലെങ്കില്‍ ശരീരഭാഗത്തില്‍ നേരിട്ടു കടന്നുപിടിക്കുക എന്നതാണെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഈ വിവാദ വിധിക്കു പിന്നാലെ ഏറെ ചര്‍ച്ചയായ മറ്റൊരു വിധിയും ജസ്റ്റിസ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ചിരുന്നു. അഞ്ചുവയസുകാരിക്കെതിരായ അമ്പത് വയസുകാരന്റെ ലൈംഗികാതിക്രമക്കേസിലാണ് പ്രതിക്ക് അനുകൂലമായ വിധിയുമായി പുഷ്പ ഗനേഡിവാല രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിക്കുന്നതും പുരുഷന്‍ പാന്റിന്റെ സിപ് തുറക്കുന്നതും പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം.

Back to top button
error: