NEWS

സുവര്‍ണ ജൂബിലി നിറവിലേക്ക് മുംബൈ ഭദ്രാസനം, വിപുല പദ്ധതികള്‍ക്ക് ഒരുക്കം

മുംബൈ: സുവര്‍ണ ജൂബിലിക്കു മുന്നോടിയായി മലങ്കര ഓര്‍ത്തഡോക്സ് സഭാ സുവര്‍ണ ജൂബിലി നിറവിലേക്ക് മുംബൈ ഭദ്രാസനം, വിപുല പദ്ധതികള്‍ക്ക് ഒരുക്കംഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കും വിവിധ കര്‍മ്മപദ്ധതികള്‍ക്കും ഒരുക്കമായി. ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, ജീവകാരുണ്യം, അടിസ്ഥാന വികസനം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന മേഖലകളിലായി നിരവധി പദ്ധതികള്‍ക്ക് ഭദ്രാസനം നേതൃത്വം നല്‍കും.

ജൂബിലി പരിപാടികളുടെ കൂടിയാലോചനയ്ക്കായി വൈദികരും അല്‍മായ പ്രതിനിധികളുമായി ഇന്നലെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ സൂം മീറ്റിംഗിലാണ് തീരുമാനം. ഭദ്രാസനം നിലവില്‍ ഏറ്റെടുത്തു നടത്തുന്ന സേവന, കാരുണ്യ പരിപാടികള്‍ക്ക് കൂടുതല്‍ വൈപുല്യം നല്‍കുന്നതാകും സുവര്‍ജൂബിലിയുമായി ബന്ധപ്പെട്ട പദ്ധതികള്‍. ആത്മീയമായ ഉള്‍ക്കാഴ്ചയ്‌ക്കൊപ്പം ഭൗതികമായ ഉന്നതി കൂടി കൈവരിക്കുന്നതിന് പ്രചോദനമേകുന്ന പദ്ധതികള്‍ സാമൂഹിക വികസനരംഗത്ത് രാജ്യത്തിനു തന്നെ പുതിയ മാതൃകയാകുമെന്ന് അഭിവന്ദ്യ കൂറിലോസ് തിരുമേനി പ്രസ്താവിച്ചു.

ആധുനിക ജീവിത സമ്മര്‍ദ്ദങ്ങളുടെ സാഹചര്യത്തില്‍ ആത്മീയതയുടെ വിശുദ്ധിയും ശാന്തിയും ആശ്രമാന്തരീക്ഷത്തില്‍ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന ഗ്രിഗോറിയന്‍ കമ്മ്യൂണിറ്റിയുടെ ആവിഷ്‌കാരം, വിവിധ വൈജ്ഞാനിക മേഖലകളില്‍ നൈപുണ്യ വികസനത്തിനും പ്രായോഗിക പരിശീലനത്തിനും പ്രാമുഖ്യം നല്‍കുന്ന തിയോ യൂണിവേഴ്സിറ്റി, ആഴത്തിലുള്ള ആത്മീയ പഠനം സാദ്ധ്യമാക്കുന്ന കോഴ്സുകള്‍, എക്യുമെനിക്കല്‍ കൂട്ടായ്മ, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍, ചേരികളിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കുന്ന പ്രത്യേക പദ്ധതി എന്നിവ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി നടപ്പാക്കും.

പകല്‍സമയം പഠനത്തിന് നീക്കിവയ്ക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്കായി നിശാ സ്‌കൂളുകളും രാത്രികാല ക്ലാസുകളും സജ്ജീകരിക്കുക, അര്‍ബുദ പ്രതിരോധവും ബോധവത്കരണവും രോഗനിര്‍ണയ സൗകര്യങ്ങളും സാദ്ധ്യമാക്കുന്ന ക്യാന്‍ക്യുവര്‍ ഹെല്‍ത്ത് പ്രോഗ്രാം, വൃക്കരോഗം മൂലം ട്രാന്‍സ്പ്ലാന്റിലേക്കും ഡയാലിസിസിലേക്കും നീങ്ങുന്നവര്‍ക്ക് സഹായം, ജൈവ കൃഷിരീതികളുടെ പ്രചാരണവും വിഷരഹിത പച്ചക്കറി ഉത്പാദവും തുടങ്ങിയവ സുവര്‍ണ ജൂബിലി പഞ്ചവത്സര പദ്ധതികളുടെ ഭാഗമായിരിക്കും.

ഇതിനു പുറമേ, വിദഗ്ദ്ധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സന്നദ്ധസേവകരെ ഉള്‍ക്കൊള്ളിച്ച് അടിയന്തരഘട്ടങ്ങളില്‍ അതിവേഗം സഹായമെത്തിക്കുന്നതിന് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാസേന രൂപീകരിക്കാനും ലക്ഷ്യമിടുന്നു. ഭദ്രാസനം വിഭാവനം ചെയ്യുന്ന പദ്ധതികളുമായി ബന്ധപ്പെട്ട തുടരാലോചനകള്‍ക്കും നിര്‍വഹണത്തിനുമായി ഭദ്രാസന സെക്രട്ടറി റവ. ഫാ. തോമസ് കെ. ചാക്കോ, റവ. ഫാ. ബെഞ്ചമിന്‍ സ്റ്റീഫന്‍, റവ. ഫാ. തോമസ് മ്യാലിൽ, റവ. ഫാ. ജോയ് എം. സ്‌കറിയ, റവ. ഫാ. സ്‌കറിയ വര്‍ഗീസ്. ശ്രീ. ബെന്‍ കുര്യാക്കോസ്, ശ്രീ. സജീവ് പി. രാജന്‍ തുടങ്ങിയവര്‍ അടങ്ങുന്ന പ്രാഥമിക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

Back to top button
error: