Lead NewsNEWS

കേന്ദ്ര സർക്കാർ അനുകൂല സെലിബ്രിറ്റി ട്വീറ്റുകൾക്ക് പിന്നിൽ ബിജെപി ഐടി സെൽ മേധാവി, അന്വേഷണ വിവരങ്ങൾ പുറത്ത് വിട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

കർഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് രാജ്യാന്തര സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോൾ അതിന് സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ മറുപടി പോസ്റ്റ് ഇട്ടതിനു പിന്നിൽ ബിജെപി ഐടി സെൽ മേധാവിയും മറ്റ് 12 പേരുമെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഡ് ഭേദമായതിന് ശേഷം ഇത് ആദ്യമായാണ് അനിൽ ദേശ്മുഖ് മാധ്യമങ്ങളെ കാണുന്നത്.പോസ്റ്റ്‌ ഇട്ട സെലിബ്രിറ്റികൾ അന്വേഷണ പരിധിയിൽ വരില്ലെന്ന് അനിൽ ദേശ്മുഖ് വ്യക്തമാക്കി. “സെലിബ്രിറ്റികൾ അന്വേഷണ പരിധിയിൽ വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ലത മങ്കേഷ്‌കർജി ദൈവമാണ്. സച്ചിൻ ടെണ്ടുൽക്കറിനെ ലോകം ബഹുമാനിക്കുന്നു. ഈ സെലിബ്രിറ്റികൾ പരപ്രേരണയാൽ ആണോ പോസ്റ്റ്‌ ഇട്ടത് എന്നതിൽ മാത്രമാണ് അന്വേഷണം.”ദേശ്മുഖ് പറഞ്ഞു.

“ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത് ബിജെപി ഐടി സെൽ മേധാവിയും 12 പേരുമാണ് ഇതിന് പിന്നിൽ എന്നാണ്.”ദേശ്മുഖ് ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം ആണ് കേസ് അന്വേഷിക്കുന്നത്. സെലിബ്രിറ്റികളിൽ ആരെയെങ്കിലും സമ്മർദ്ദം ചെലുത്തിയാണോ പോസ്റ്റ്‌ ഇടീപ്പിച്ചത് എന്നതാണ് അന്വേഷിക്കുന്നത്.

കേന്ദ്രത്തിന് അനുകൂലമായി പോസ്റ്റ് ഇടാൻ സെലിബ്രിറ്റികളെ ആരെങ്കിലും നിർബന്ധിച്ചോ എന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസ്‌ ആണ്.ബൊളീവുഡ് താരങ്ങളും ക്രിക്കറ്റർമാരും മറ്റ് സെലിബ്രിറ്റികളും ഒരേ രീതിയിൽ ഉള്ള പോസ്റ്റുകൾ ഇട്ടിരുന്നു.

അക്ഷയ് കുമാർ തൊട്ട് അജയ് ദേവഗൺ വരെയുള്ള ബൊളീവുഡ് താരങ്ങളും സച്ചിൻ ടെണ്ടുൽക്കറിനെ പോലുള്ള ക്രിക്കറ്റർമാരും ലത മങ്കേഷ്കറിനെ പോലുള്ള സെലിബ്രിറ്റികളും ഒരേസമയം കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

അമേരിക്കൻ പോപ്പ് സ്റ്റാർ റിഹാനയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺബർഗും കർഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ്‌ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം സെലിബ്രിറ്റികൾ ഒരേപോലെയുള്ള സർക്കാർ അനുകൂല പോസ്റ്റ് പങ്കു വെച്ചത്.

Back to top button
error: