LIFETRENDINGVIDEO

ബിഗ്‌ബോസ് സീസണ്‍ 3ക്ക് തുടക്കമായി; നേര്‍ക്കുനേര്‍ അങ്കത്തിന് ഇനി ഇവര്‍

നപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 കോവിഡ് കാരണം പാതി വഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കോവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിച്ച് 2020 മാര്‍ച്ച് 20ഓടെ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ ബിഗ് ബോസ് സീസണ്‍ 3 വീണ്ടും എത്തിയിരിക്കുന്നു. വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് സീസണ്‍ 3യ്ക്ക് ആവേശോജ്ജ്വലമായ തുടക്കം കുറിച്ചത്. ഇത്തവണ മോഹന്‍ലാല്‍ തന്നെയാണ് ബിഗ്‌ബോസിന്റെ സാരഥി. കഴിഞ്ഞ് രണ്ട് മാസത്തോളമായി താരം വമ്പന്‍ പ്രൊമോഷന്‍ നല്‍കിയാണ് ബിഗ് ബോസിന് തുടക്കമായത്.

14 മത്സരാാര്‍ത്ഥികളാണ് ഇക്കുറി ബിഗ് ബോസിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഇക്കുറി ഷോ നടത്തുന്നത്. മത്സരാര്‍ത്ഥികളുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷോയില്‍ പങ്കെടുപ്പിക്കുന്നത്. ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ മത്സരാര്‍ഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. പല പ്രവചനങ്ങളും ഈ കാലയളവില്‍ നടന്നിരുന്നു. ഒടുവില്‍ കാത്തിരുന്ന താരങ്ങള്‍ ഓരോരുത്തരായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയിരിക്കുകയാണ്.

ഭാഗ്യലക്ഷ്മി, നടന്മാരായ മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍, നോബി മാര്‍ക്കോസ്, സായ് വിഷ്ണു ആര്‍ , പ്രമുഖ വെയ്റ്റ്ലിഫ്റ്റര്‍ മജ്സിയ ഭാനു, ഗായികമാരായ ലക്ഷ്മി ജയന്‍, ഋതുമന്ത്ര, ഡാന്‍സ് താരം റംസാന്‍ മുഹമ്മദ്, യോഗാ പരിശീലക സന്ധ്യ മനോജ്, അഡോണി ടി ജോണ്‍, സൂര്യ മേനോന്‍, ആര്‍ ജെ കിടിലം ഫിറോസ്, ഡിംപല്‍ ഭായി എന്നിവരാണ് ഇത്തവണ മത്സര രംഗത്തുളളത്.ഡാന്‍സും പാട്ടുമൊക്കെയായി വലിയൊരു ഇന്‍ഡ്രോയോടെയായിരുന്നു ഇവരുടെ വരവ്.

ഷോയില്‍ ആദ്യം തന്നെ മത്സരാര്‍ത്ഥിയായി എത്തിയത് നോബി മര്‍ക്കോസ് ആയിരുന്നു. കിടിലന്‍ ഡാന്‍സുമായിട്ടാണ് നോബി എത്തിയത്. ഭാര്യയും വീട്ടുകാരുമെല്ലാം ചേര്‍ന്ന് ഇന്‍ട്രോ കൊടുത്താണ് നോബിയെ ബിഗ് ബോസിലേക്ക് മോഹന്‍ലാല്‍ ക്ഷണിച്ചത്. അധികം എല്ലാവര്‍ക്കും കിട്ടാത്ത അവസരം തനിക്ക് ലഭിച്ചതില്‍ സന്തോഷമാണെന്നാണ് നോബി പറഞ്ഞത്.

രണ്ടാമത്തെ മത്സരാര്‍ഥിയായി എത്തിയത് ഡിംപിള്‍ ഭാല്‍ ആയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപിള്‍ തന്റെ ജീവിതത്തിലെ ചില ദുഃഖകരമായ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. നോര്‍ത്ത് ഇന്ത്യന്‍ സ്വദേശിയായയുടേയും കട്ടപ്പനക്കാരിയുടെയും മകളാണ് ഡിംപിള്‍.

ആര്‍ജെയും സോഷ്യല്‍ വര്‍ക്കറുമായ കിടിലം ഫിറോസാണ് മൂന്നാമതായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. നാട്ടുകാരെല്ലാം ചേര്‍ന്നാണ് കിടിലം എന്ന പേര് ചാര്‍ത്തി തന്നതെന്ന കാര്യം കൂടി താരം പറയുന്നു. ഡാന്‍സ് കളിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് താന്‍ ഷോ യിലേക്ക് എത്തിയതെന്നും ഫിറോസ് പറയുന്നു.

നാലാമതായി എത്തിയത് സിനിമാ താരം മണിക്കുട്ടനായിരുന്നു. തനിക്ക് വളരെ പരിചയമുള്ള ഒരാളെന്നായിരുന്നു മണിക്കുട്ടനെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍ പറഞ്ഞത്. കോവിഡ് കാലത്തെ ഒരു സങ്കടമായിരുന്നു മണിക്കുട്ടന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. റിനോജ് എന്ന സുഹൃത്താണ് മരിച്ചത്. താന്‍ ബിഗ് ബോസില്‍ വരാന്‍ റിനോജ് വളരെ ആഗ്രഹിച്ചിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു.

അഞ്ചാമതായി, ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയും ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവുമൊക്കെയായ മജിസിയ ഭാനുവാണ് ബിഗ്‌ബോസ് വീട്ടിലേക്കെത്തിയത്.

ആറാമതായി, ബിഗ്‌ബോസ് വേദിയിലേക്ക് എത്തിയത് കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോന്‍ ആണ്. കാണ്ഡഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹന്‍ലാലിനെ കണ്ടുപരിചയപ്പെട്ട അനുഭവവും സൂര്യ പങ്കുവെച്ചു. മാത്രമല്ല പ്രായമായവരെ സംരക്ഷിക്കാന്‍ ഒരു വീട് വേണമെന്ന വലിയൊരു ആഗ്രഹവും സൂര്യ വെളിപ്പെടുത്തി.

ഏഴാമതായി, ഗായികയും വയലിസ്റ്റിനുമായ ലക്ഷ്മി ജയനാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്തവണത്തെ ഇമോഷണല്‍ മത്സരാര്‍ഥി ലക്ഷ്മിയാണെന്ന് ഇന്‍ട്രോയിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 3ലേക്ക് എത്തുന്ന ‘പുതുമുഖം’ എന്നു വിളിക്കാവുന്ന മത്സരാര്‍ഥിയായ സായ് വിഷ്ണുവാണ് എട്ടാമത്തെ മത്സരാര്‍ത്ഥി. സിനിമാ നടന്‍ ആവുകയെന്നതാണ് ആഗ്രഹം. അതിനുവേണ്ടി ഏത് പ്രതികൂല സാഹചര്യത്തെയും വെല്ലുവിളിക്കാന്‍ തയ്യാറാണെന്നും സായ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ബിഗ്‌ബോസിലെ ഒമ്പതാമത്തെ മത്സരാര്‍ത്ഥി സീതാ കല്ല്യാണം താരം അനൂപ് കൃഷ്ണനാണ്. ‘സീതാ കല്ല്യാണം’ പരമ്പരയിലെ കല്ല്യാണ്‍ എന്ന കഥാപാത്രമായാണ് അനൂപ് വേഷമിടുന്നത്. തന്മയത്വത്തോടെയുള്ള അഭിനയമാണ് അനൂപിനെ വേറിട്ടു നിര്‍ത്തുന്നത്.

വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന അഡോണി ടി ജോണാണ് ബിഗ്‌ബോസിലെ പത്താമത്തെ മത്സരാര്‍ത്ഥി.മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് അഡോണി.

പതിനൊന്നാമത്തെ മത്സരാര്‍ത്ഥിയാണ് ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ ഡാന്‍സര്‍ റംസാന്‍ മുഹമ്മദ്.

പാട്ടുകാരിയും വയലിനിസ്റ്റും മോഡലും മിസ് ഇന്ത്യ മത്സരാര്‍ത്ഥിയുമായ കണ്ണൂര്‍ സ്വദേശിനിയായ ഋതു മന്ത്രയാണ് ബിഗ്‌ബോസിലെ പന്ത്രണ്ടാം മത്സരാര്‍ത്ഥി.

ബിഗ്‌ബോസിലെ പതിമൂന്നാം മത്സരാര്‍ത്ഥിയായി എത്തിയത് യോഗ പരിശീലകയായ സന്ധ്യ മനോജ് ആണ്.യോഗയും ക്ലാസിക്കല്‍ ഡാന്‍സും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്ന സന്ധ്യ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയാണ്.

ഫെബ്രുവരി പതിനാലിന് പതിനാലാം മത്സരാര്‍ത്ഥിയായി എത്തിയത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ്. തന്നെകുറിച്ച് പൊതുസമൂഹം അറിയാത്ത കാര്യങ്ങള്‍ അറിയട്ടെ എന്നാണ് ഭാഗ്യലക്ഷ്മി മോഹന്‍ലാലിനോടും പ്രേക്ഷകരോടുമായി പറഞ്ഞത്.

കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുന്നത്. വിജയിക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഫ്‌ളാറ്റാണ് സമ്മാനം.ഏതായാലും ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലും ബിഗ് ബോസ് സീസണ്‍ 3 തുടങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെളളിവരെ രാത്രി 9.30നും, ശനി , ഞായര്‍ ദിവസങ്ങളില്‍ 9 മണിക്കുമാണ് ഷോ സംപ്രേക്ഷണം ചെയ്യുക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും പ്രേക്ഷകര്‍ക്ക് ബിഗ്‌ബോസ് കാണാം.

Back to top button
error: