Lead NewsNEWS

തിരുവനന്തപുരം – കാസര്‍കോട് പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി; ഗതാഗതത്തിനായി മുഖ്യമന്ത്രി 15ന് തുറന്ന് കൊടുക്കും

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ (വെസ്റ്റ് കോസ്റ്റ് കനാല്‍) ഒന്നാം ഘട്ടം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 15ന് ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കും. രാവിലെ 10.30 ന് വേളി ടൂറിസ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍, സോളാര്‍ ബോട്ട് ജലപാതയില്‍ ആദ്യ യാത്ര നടത്തും.

ജലപാതയുടെ 520 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ നവീകരണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍കോട് നീലേശ്വരം വരെ 590 കിലോമീറ്ററും തുടര്‍ന്ന് ഹോസ്ദുര്‍ഗ് ബേക്കല്‍ ഭാഗവും ചേര്‍ന്ന് 620 കിലോമീറ്ററാണ് ജലപാതയുടെ ആകെ നീളം. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റര്‍ ദേശീയ ജലപാത-3 ആണ്.

ചടങ്ങില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ. ശശിതരൂര്‍ എം.പി, വി. ജോയി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

Back to top button
error: