6100 കോടിരൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രധാനമന്ത്രി കൊച്ചിയിൽ രാജ്യത്തിനു സമർപ്പിച്ചു

വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. 6100 കോടിരൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ആത്മനിർവൃതിയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്നേ കാലോടെയാണ് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധാനംചെയ്ത് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപ്പാഡിൽ ഇറങ്ങി . ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി മുരളീധരനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ബിപിസിഎലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ ആയ സാഗരികയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമ്മാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും വെല്ലിങ്ടൺ ഐലൻഡിലെ റോ -റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version