NEWS

മലയാറ്റൂർ കരിമ്പാനിയിൽ വനപാലകരെ കാട്ടാനക്കൂട്ടം ആക്രമിച്ചു

കോതമംഗലം: തുണ്ടം-മലയാറ്റൂർ കാനനപാതയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വനപാലകർക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. തലനാരിഴയ്ക്ക് ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കരിമ്പാനി സ്റ്റേഷനിലെ ബി.എഫ്.ഒ. എസ്. സുധീഷ് (28), ഡ്രൈവർ ശ്രീകാന്ത് (27) എന്നിവരെ 20-ഓളം വരുന്ന ആനകൾ ആക്രമിക്കാൻ ഓടിയടുക്കുകയായിരുന്നു . കരിമ്പാനി സ്റ്റേഷന് രണ്ട് കിലോമീറ്റർ മാറിയാണ് സംഭവം. ഇല്ലിത്തോട് ഭാഗത്തെ കടയിൽ പോയി സ്റ്റേഷനിലെ മെസിലേക്കുള്ള പലചരക്ക്് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് സംഭവം. ഭാഗ്യത്തിനാണ് ഇരുവരും രക്ഷപ്പെട്ടത്.

വളവും ഇറക്കവും കൂടിയ ഭാഗത്ത് വെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. വളവ് തിരിഞ്ഞ് വന്നപ്പോൾ ഏതാനും മീറ്റർ മുന്നിൽ നിൽക്കുന്ന ആനക്കൂട്ടം ബൈക്കിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ കലുങ്ക് ചാടിക്കടന്ന് കാട്ടിലേക്ക് ഓടിമാറിയാണ് ഇരുവരും രക്ഷപ്പെട്ടത്.

ആനകളിലൊന്ന് പിന്നാലെ ഓടിയെത്തുകയും ചെയ്തു. ഓടുന്നതിനിടെ വീഴ്ചയിലാണ് പരിക്കേറ്റത്. കലിപൂണ്ട ആനകളിലൊന്ന് ഇതിനിടെ ബൈക്ക് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു.

വിവരം അറിയിച്ചതനുസരിച്ച് സ്റ്റേഷനിൽനിന്ന് സഹപ്രവർത്തകരെത്തിയാണ് ഇരുവരേയും കൊണ്ടുപോയത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും കരിമ്പാനി സ്റ്റേഷനിലെ വനപാലകർക്കു നേരേ സമാന രീതിയിലുള്ള ആക്രമണം ഉണ്ടായിട്ടുണ്ട്. സ്റ്റേഷൻ ഇരിക്കുന്ന ഭാഗത്തുനിന്ന് ഇരുവശത്തേയും ജനവാസ മേഖലയിലേക്ക് 10 കിലോമീറ്ററിലേറെ ദൂരം ഉണ്ട്. ഡ്യൂട്ടി കഴിഞ്ഞ് വീതി കുറഞ്ഞ് വിജനമായ കാട്ടിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുന്ന വനപാലകർ ആശങ്കയിലാണ്.

Back to top button
error: