Lead NewsLIFENEWS

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളുടെ “തനിനിറം” കാണിക്കുന്ന ഡോക്ടർ ക്രോമെന്റൽ വിവാദം – വീഡിയോ

ഫെബ്രുവരി ഏഴിന് ഒരു ചെറുപ്പക്കാരി ബ്ലോഗർ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ശ്രീയ നമ്പനാത്ത് എന്ന തൃശൂർകാരി ആർക്കിടെക്ചർ വിദ്യാർഥി ആയിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഡോക്ടർ ക്രോമെന്റൽ 500 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ചായിരുന്നു ആ വീഡിയോ. ഒമ്പത് ലക്ഷം പേർ പിന്തുടരുന്ന അക്കൗണ്ടാണ് അത്. അജിത് ടി എന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടറുടേത് ആണ് ആ അക്കൗണ്ട്.

ശൈശവ ലൈംഗികത ഉൾക്കൊള്ളുന്ന, സ്ത്രീവിരുദ്ധമായ നിരവധി വീഡിയോകൾ ഈ അക്കൗണ്ടിന്റെ സമാന്തര അക്കൗണ്ട് ആയ അനോണിമസ് മല്ലൂസ് 2.0 എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്നു എന്നായിരുന്നു ശ്രീയയുടെ പരാതി.ടോക്സിക് ആയ, റേസിസ്റ്റ് ആയ, കാസ്റ്റിസ്റ്റ്, മിസൊജനിസ്റ്റിക്, ബോഡി ഷെയ്മിംഗ്, സെക്സിറ്റ് കണ്ടന്റ് ആണ് ഇയാൾ ഷെയർ ചെയ്യുന്നതെന്നും ഒപ്പം മൃഗ പീഡനത്തിന്റെ കണ്ടന്റുകളും ഇയാൾ ഷെയർ ചെയ്തിട്ടുണ്ട് എന്നാണ് ശ്രീയ വ്യക്തമാക്കുന്നത്.പ്രായപൂർത്തിയാകുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായ കുട്ടികളുടെതടക്കം അനുഭവ കഥ പറയുന്ന ഒരു ടെലഗ്രാം ഗ്രൂപ്പ് ഇയാളുടെത് ആയി ഉണ്ടെന്ന് ശ്രീയ ആരോപിക്കുന്നു.

അനോണിമസ് മല്ലുസ് എന്ന ഇൻസ്റ്റാ പേജിലും അതിനോടനുബന്ധിച്ച ടെലഗ്രാം ഗ്രൂപ്പിലും നിരവധി വീഡിയോകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് ഇപ്പോഴുള്ള വിവരം. ഇപ്പോൾ ഇവ സന്ദർശിക്കുന്നവർക്ക് ഇദ്ദേഹം എന്ത് തരം കണ്ടന്റാണ് പ്രമോട്ട് ചെയ്തിരുന്നത് എന്ന് വ്യക്തമാകില്ല. അത് രാജ്യത്തെ നിയമ സംവിധാനത്തിന് മാത്രമേ കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ. അതിലെ ക്യാപ്ഷൻ ഈ അർത്ഥത്തിൽ ഉള്ളതാണ് , ” ദർശനം പുണ്യം സ്പർശനം പാപം “.

ബലാത്സംഗ അനുഭവങ്ങൾ തുറന്നു പറയുന്ന ഓഡിയോകളുടെ ടൈറ്റിൽ മോശം പദം ഉപയോഗിച്ചാണ് ഇട്ടിരിക്കുന്നത് എന്ന് ശ്രീയ ആരോപിക്കുന്നു. തന്റെ വിഡിയോയിൽ ശ്രീയ ഈ ആരോപണം എല്ലാം നിരത്തുന്നു.

കടുത്ത പ്രതികരണം ആണ് ഡോക്ടർ ക്രോമെന്റലിൽ നിന്ന് ശ്രീയയ്ക്ക് നേരിടേണ്ടിവന്നത്. ആരോപണം തെളിയിക്കാൻ ശ്രീയയെ വെല്ലുവിളിച്ച ഡോക്ടർ അജിത് ഒരു വേള വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ സംഭാഷണത്തിൽ ഉടനീളം ഡോക്ടർ അജിത് തെറി വചനങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

“മോളൂസേ” എന്നാണ് ശ്രീയയെ ഡോക്ടർ അജിത് വിഡിയോയിൽ വിശേഷിപ്പിക്കുന്നത്.”ഞാൻ ഒരു നന്മ മരം ഒന്നുമല്ല “എന്ന മുൻ‌കൂർ ജാമ്യത്തോടെയാണ് ഇയാൾ തന്റെ ഭാഗം വിവരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ടെന്ന ശ്രീയയുടെ ആരോപണത്തെ എന്റെ വീട്ടിൽ അമ്മയും പെങ്ങമ്മാരും ഉണ്ടെന്ന് പറഞ്ഞാണ് ഡോക്ടർ അജിത് നേരിടുന്നത്. ഇത് ചൂണ്ടിക്കാട്ടുന്നത് എന്താണ്? അമ്മയും പെങ്ങമ്മാരും വീട്ടിൽ ഇല്ലാത്തവർക്ക് എന്തുമാകാമെന്നോ? അതോ അങ്ങിനെ ഇല്ലാത്തവർ മോശക്കാർ ആണെന്നോ?

മൃഗ പീഡനത്തെ സംബന്ധിച്ചുള്ള പോസ്റ്റുകളെ കുറിച്ചുള്ള ന്യായീകരണങ്ങളിലും ഡോ. അജിത്തിന്റെ വികലമായ കാഴ്ചപ്പാട് കാണാം. എന്റെ വീട്ടിലെ പട്ടികളെ ഞാൻ നന്നായി നോക്കുന്നുണ്ട് എന്നാണ് ആരോപണത്തിന് മറുപടി. അതും മൃഗ പീഡനം സംബന്ധിച്ച പോസ്റ്റ്‌ ഷെയർ ചെയ്യുന്നതും, അങ്ങിനെ ഒന്ന്‌ ചെയ്തിട്ടുണ്ടെങ്കിൽ, തമ്മിൽ എന്താണ് ബന്ധം?

ആദിവാസി സമൂഹത്തിൽ പെട്ടവരുടെ ഭക്ഷണത്തെ കളിയാക്കുന്ന തരത്തിലുള്ള പോസ്റ്റ് സംബന്ധിച്ചും ഇയാൾക്ക് ന്യായീകരണം ഉണ്ട്‌. അത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് ന്യായം. ഇതെന്ത് ന്യായം ആദിവാസികൾ നിർബന്ധിച്ച് ഇയാളെ കൊണ്ട് പ്രതികരിപ്പിക്കുക ആയിരുന്നോ?

“റഷീദ്ക്ക ട്രോൾ “സംബന്ധിച്ചുള്ള തന്റെ പങ്ക് ഇയാൾ പരോക്ഷമായി സമ്മതിക്കുന്നുണ്ടെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വേദന മനസിലാക്കാൻ തനിക്ക് മനസില്ല എന്ന തരത്തിലാണ് ഇയാളുടെ പ്രതികരണം.

അതേസമയം ശൈശവ ലൈംഗികത സംബന്ധിച്ച്, സ്ത്രീകളെ അപമാനിക്കുന്ന ഒന്നും തന്റെ പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഡോക്ടർ അജിത് അവകാശപ്പെടുന്നു.ശ്രീയയ്ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും അജിത് മുന്നറിയിപ്പുനൽകുന്നു.ഇനി അജിത്തിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെങ്കിൽ പോലും ഇയാളുടെ മറുപടി വീഡിയോ നിലവാരം ഇല്ലാത്തത് ആയി എന്ന് പറയാതെ വയ്യ.

ഇതിന് പിന്നാലെ അജിത്തിന്റെ അനുയായികളിൽ നിന്ന് താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് ശ്രീയ പറയുന്നു. പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യം വ്യക്തമാകൂ എന്നാണ് മനസിലാകുന്നത്. സൈബറിടങ്ങളിലെ അധോലോക പ്രവർത്തനങ്ങൾ പലപ്പോഴും പൊതുജനമധ്യത്തിൽ ചർച്ചാ വിഷയം ആകാറില്ല. അത്കൊണ്ട് തന്നെ സൈബറിടത്തിൽ ഭീമാകാരമായ ഒരു ഇരുണ്ട ലോകം രൂപംപെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെയ്ക്കാണ് കൊച്ചികുട്ടികൾ പോലും സ്മാർട്ട്‌ ഫോണുമായി ഇറങ്ങുന്നത്.

Back to top button
error: