Lead NewsNEWSVIDEO

മുഖത്ത് അടിച്ചും, വയറില്‍ തൊഴിച്ചും, കഴുത്തില്‍ ഞെരിച്ചും കരഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, കരയുമ്പോള്‍ ഉറക്ക ഗുളിക പൊടിച്ച് വായിലിട്ട് വെളളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും; വിതുരക്കേസിലെ പെണ്‍കുട്ടി അനുഭവിച്ച യാതനകള്‍ ഇങ്ങനെ

ര്‍ഷങ്ങളായി എങ്ങും കേട്ടിരുന്ന വാര്‍ത്തയായിരുന്നു വിതുര പീഡനക്കേസ്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് പലര്‍ക്കായി കാഴ്ചവെച്ചു. ഈ സംഭവം നടന്നത് 1995 ലാണ് നടന്നതെങ്കിലും ഇപ്പോഴും ആ നടുങ്ങലില്‍ തന്നെയാണ് കേരള ജനത.

ഇന്ന് ആ വാര്‍ത്ത വീണ്ടും ഓര്‍മ്മിക്കുകയാണ്. സംഭവം നടന്ന് 26 വര്‍ഷം പിന്നിട്ട കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നു. 24 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ ഈ ശിക്ഷ കൊണ്ടൊന്നും നഷ്ടപ്പെട്ട ജീവിതം ഒരു പെണ്ണിനും തിരിച്ച് കിട്ടുകയില്ല. കോടതിക്ക് മുന്‍പില്‍ തന്റെ പീഡനകഥ അക്കമിട്ട് നിരത്തിയതാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനു മേല്‍ കുരുക്കു മുറുകാന്‍ കാരണമായത്. ഒരു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയില്‍ നല്‍കിയ മൊഴി.

1995 നവംബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ കൊടും ശാരീരികപീഡനങ്ങളാണ് അനുഭവിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പോലീസ് അറസ്റ്റ ചെയ്ത് 7 ദിവസം കഴിഞ്ഞ് പുറത്തുവന്നിട്ടും സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ആ പെണ്‍കുട്ടി. ഇനി എനിക്ക് വയ്യ, ഒരു നഷ്ടപരിഹാരവും ആരും തരേണ്ട, അവരൊക്കെ സുഖമായിരുന്നോട്ടെ എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. ഈ ലോകത്തോട് മുഴുവനും വെറുപ്പും നിരാശയും മാത്രം.തന്റെ നിസ്സഹായവസ്ഥ കവിയത്രി സുഗതകുമാരിയോടാണ് പെണ്‍കുട്ടി അന്ന് വിവരിച്ചത്. പിന്നീട് സുഗതകുമാരിയില്‍ നിന്നാണ് പെണ്‍കുട്ടി അനുഭവിച്ച ദുരിതം പുറംലോകമറിഞ്ഞത്.

1995 നവംബര്‍ 21നാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ ബന്ധുവായ അജിത ബീഗം എന്ന യുവതി തൊഴില്‍ വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ എത്തിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലര്‍ക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അന്വേഷണഘട്ടത്തില്‍ വാഹനാപകടത്തില്‍ അജിത ബീഗം മരിച്ചു. വീട്ടിലെ പട്ടിണി കാരണം ജോലി കിട്ടുമെന്ന് കരുതി പോയത് ഇങ്ങനെ ഒരു അപകടക്കെണിയിലേക്ക് ആകുമെന്ന് പാവം പെണ്‍കുട്ടി ഓര്‍ത്തിരുന്നില്ല. രക്ഷപെടാന്‍ പറ്റാത്ത വിധം വരിഞ്ഞുമുറുക്കിയിരുന്നു ഈ കഴുകന്‍ കണ്ണുകള്‍ അവളെ. മുഖത്ത് അടിച്ചും, വയറില്‍ തൊഴിച്ചും, കഴുത്തില്‍ ഞെരിച്ചും കരഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, കരയുമ്പോള്‍ ഉറക്ക ഗുളിക പൊടിച്ച് വായിലിട്ട് വെളളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും. ഇതൊക്കെ സഹിച്ച് കഴിച്ചു നീക്കിയ നാളുകള്‍ ഇപ്പോഴും അവള്‍ക്ക് പേടി സ്വപ്‌നമാണ്. അവള്‍ പറഞ്ഞ ഓരോ വാക്കുകള്‍ വനിത കമ്മീഷന്‍അംഗമായി ഇരുന്ന സമയത്ത് സുഗതകുമാരി ടീച്ചര്‍ മാധ്യമത്തില്‍ എഴുതിയിരുന്നു. അവളുടെ ചുട്ടുപൊളളിയ വേദനകള്‍ അത്രമേല്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിച്ചു.

അതേസമയം, ഈ കേസ് ഏറ്റെടുത്ത് അന്വേഷിച്ച പോലീസുകാരുടെ ആത്മാര്‍ത്ഥത അത്രമേല്‍ കേസിന് ബലം നല്‍കി എന്നത് എടുത്തുപറയേണ്ടതാണ്. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് കേസിന് നേതൃത്വം നല്‍കിയത്.

മറ്റൊന്ന് ഇത്രയും ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും കൊല്ലുമെന്ന ഭീഷണി നിലനിന്നിട്ടും മൊഴിയില്‍ ഉറച്ചുനിന്ന പെണ്‍കുട്ടിയാണ്…ചുറ്റുമുളളവരുടെ പരിഹാസങ്ങള്‍ക്കും നോട്ടങ്ങള്‍ക്കും പാത്രമാകാതെ തന്റെ മൊഴിയില്‍ തന്നെ ഉറച്ചുനിന്നു. തിരിച്ചറിയല്‍ പരേഡിന് പോലും പണം കൊടുത്ത് കണ്ടിട്ടില്ലെന്ന് പറയണമെന്ന് പറഞ്ഞു. അപ്പോഴും ആ പണം തട്ടിയെറിഞ്ഞ് പോലീസുകാരെ കൊണ്ട് ആ തുക കോടതിയില്‍ കെട്ടിവെപ്പിച്ചു…. ഇന്നിതാ കേസിലെ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോതി വിധിച്ചപ്പോള്‍ ആ പെണ്‍കുട്ടിയുടെ മുന്നില്‍ തുറന്നത് നീതിയുടെ വാതിലാണ്.

Back to top button
error: