Lead NewsNEWS

മംഗളൂരിൽ ബസ് കണ്ടക്ടർ നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കി; ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് എന്ന് ആത്മഹത്യാകുറിപ്പ്…

മംഗളൂരു: ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ റെയില്‍വെ പാലത്തില്‍ നിന്ന് നേത്രാവതി പുഴയിലേക്ക് ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ പുത്തൂര്‍ സ്വദേശി ബി. ബാലകൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ബാലകൃഷ്ണ മംഗളൂരുവിലെ നേത്രാവതി പുഴയില്‍ ചാടിയത്. അൽപ്പസമയത്തിനുള്ളില്‍ മൃതദേഹം പാലത്തിന് സമീപം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അഗ്നിശമന സേന തത്തി മൃതദേഹം കരക്കെത്തിച്ചു. തുടര്‍ന്ന് പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാഹനങ്ങള്‍ കടന്നുപോകുന്ന മറ്റൊരു നേത്രാവതി പാലത്തിന് ചുറ്റും ആത്മഹത്യ തടയുന്നതിന് വേലി കെട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പുഴയില്‍ ചാടാന്‍ ബാലകൃഷ്ണ റെയില്‍വെ പാലത്തിലെത്തിയത്. മൃതദേഹം കാണാന്‍ നേത്രാവതി പാലത്തില്‍ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ഏറെ നേരം ഗതാഗത തടസത്തിന് കാരണമായി. ചാടുമ്പോള്‍ ബാലകൃഷണക്ക് ഹൃദയസ്തംഭനം സംഭവിച്ചിരിക്കാമെന്നും അതിനാലാണ് മൃതദേഹം കടലിലേക്ക് ഒഴുകുന്നതിനുപകരം പൊങ്ങിക്കിടന്നതെന്നും പറയപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. അതിനിടെ ബാലകൃഷണ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കൃത്യമായി ശമ്പളം തരാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ശമ്പളം മുടങ്ങിയതിനാല്‍ കുടുംബജീവിതം തന്നെ തകര്‍ച്ചയിലാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

Back to top button
error: