Lead NewsNEWSVIDEO

എൻസിപി പിളരും, മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകും

എൻസിപി സംസ്ഥാന ഘടകം പിളരും എന്നുറപ്പായി. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി മാണി സി കാപ്പൻ ഡൽഹിയിൽ ചർച്ച നടത്തി. പിളരാനുള്ള അനുമതി ശരത്പവാർ നൽകി എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എൻസിപിയുടെ നിർണായക യോഗം എറണാകുളത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേരും. ടി പി പീതാംബരൻ മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗം. ഈ യോഗത്തിന്റെ തീരുമാനമായിട്ടായിരിക്കും പിളർപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക.

പാലായിൽ മത്സരിക്കുമെങ്കിലും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ ആയിരിക്കില്ല മാണി സി കാപ്പൻ മത്സരിക്കുക എന്നാണ് സൂചന. മാണി സി കാപ്പനെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ മുരളീധരൻ എംപി തുടങ്ങിയവർ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ചയാണ് പാലായിൽ എത്തുക. ആയിരം പ്രവർത്തകരും 250 ബൈക്കുകളും അണിനിരക്കുന്ന റാലിയിൽ തുറന്ന ജീപ്പിൽ ആയിരിക്കും മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ സ്ഥലത്തേക്ക് എത്തുക. രമേശ് ചെന്നിത്തലയെ മാണി സി കാപ്പൻ ഷോൾ അണിയിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എന്നിവർ മാണി സി കാപ്പനെ സ്വീകരിക്കാൻ എത്തും.

Back to top button
error: