Lead NewsNEWS

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി,തൊഴിൽ വകുപ്പ് ഉദ്ദേശിക്കുന്ന പുതിയ തൊഴിൽ ചട്ടങ്ങൾ ഇങ്ങനെ

തൊഴിൽ ചട്ടങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ് കേന്ദ്ര തൊഴിൽ വകുപ്പ്. മാറിയ സാഹചര്യത്തിൽ പുതിയ ചട്ടങ്ങൾ രൂപീകരിക്കുകയാണ് വകുപ്പ് ചെയ്യുന്നത്. ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി എന്നതാണ് പുതിയ തൊഴിൽ ചട്ടങ്ങളുടെ പ്രധാന കാര്യം. ഇൻഷുറൻസിലൂടെ സൗജന്യ മെഡിക്കൽ ചെക്കപ്പുകളും ആലോചിക്കുന്നുണ്ട്.

“ആഴ്ചയിൽ 3 പെയ്ഡ് അവധികൾ തൊഴിലാളികൾക്ക് അനുവദിക്കാവുന്നതാണ്. എന്നാൽ ജോലിയെടുക്കുന്ന ദിവസങ്ങളിൽ ജോലിയെടുക്കുന്ന മണിക്കൂർ 12 ആകും”- തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.

” തൊഴിൽദാതാക്കളേയും തൊഴിലാളികളെയും നിർബന്ധിക്കുന്നില്ല. മാറിയ സാഹചര്യത്തിൽ പുതിയൊരു ജോലി സംസ്കാരം ഉണ്ടാക്കാനാണ് ശ്രമം. ചില മാറ്റങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് ശ്രമം “-അപൂർവ ചന്ദ്ര വ്യക്തമാക്കി.

“2020-ലെ ഡ്രാഫ്റ്റ് നിയമപ്രകാരം ആഴ്ചയിൽ 48 മണിക്കൂർ പരമാവധി ജോലി എന്നുള്ളതാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ ഒരു മാറ്റവും വരുത്താൻ പാടില്ല. എന്നാൽ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് കമ്പനിക്കും ജീവനക്കാർക്കും ആലോചിച്ച് തീരുമാനം എടുക്കാം. ഇക്കാര്യത്തിൽ ഒരു നിർബന്ധവുമില്ല. “അപൂർവ ചന്ദ്ര പറഞ്ഞു.

“മൊത്തത്തിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി തൊഴിൽ ദാതാവിനും തൊഴിലാളിയ്ക്കും കൂടിയാലോചിച്ച് നിശ്ചയിക്കാം. അതു വേണമെങ്കിൽ നാല് ദിവസത്തിൽ 12മണിക്കൂർ വീതം എന്നോ അഞ്ചു ദിവസം ഏതാണ്ട് 10 മണിക്കൂർ എന്നോ 6 ദിവസം 8 മണിക്കൂർ വീതം എന്നോ വിഭജിക്കാം.”അപൂർവ ചന്ദ്ര ചൂണ്ടിക്കാട്ടി.

ഈ ചട്ടങ്ങൾ നിലവിൽ വന്നാൽ തൊഴിലുടമകൾക്ക് ഷിഫ്റ്റ് ക്രമീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാൽ തൊഴിലാളികളുടെ സമ്മതം നിർബന്ധമാണ്.

Back to top button
error: