TRENDINGVIDEO

അശരണര്‍ക്ക് ആശ്വാസമായി നിയാസ് ഭാരതി

ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി ദാനം ചെയ്ത് മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി. ഗാന്ധിയന്‍ ജീവിതരീതിയില്‍ ഒരു മാതൃക ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്നെ വിഭാവനം ചെയ്ത പദ്ധതിയാണ് ഗാന്ധിഗ്രാം.സര്‍ക്കാരിന്റെ ഭൂരഹിത പട്ടികയില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തി നാല് സെന്റ് ഭൂമിയാണ് വീട് നിര്‍മ്മിക്കാനായി നിയാസ് ദാനം ചെയ്തത്. ആ പാര്‍പ്പിട സമുച്ചയത്തിന് ഇട്ട പേരാണ് ഗാന്ധിഗ്രാം. ഈ പദ്ധതിയിലൂടെ ഇന്ന് ഇരുപതോളം പേര്‍ക്കാണ് വീട് ഒരുങ്ങുന്നത്.

സംഭരണി, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, തൊഴില്‍ പരിശീലനകേന്ദ്രം, സൗരോര്‍ജ പ്ലാന്റ് എന്നിവയും ഇവിടെയൊരുക്കാനാണ് നിയാസിന്റെ ശ്രമം. സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇവ നിര്‍മിക്കാന്‍ നിയാസ് ഒരുങ്ങുന്നത്. കുളത്തിന്റെയും ഗാന്ധി മണ്ഡപത്തിന്റെയും ഇവിടേക്കുള്ള റോഡിന്റെയും പണികള്‍ നിയാസ് തന്നെ പൂര്‍ത്തിയാക്കി.

മൂന്നുവര്‍ഷം മുമ്പാണ് മുദാക്കല്‍ പഞ്ചായത്ത് ഓഫീസില്‍, അമ്മ ഉപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ നിയാസ് കാണുന്നത്. അമ്മൂമ്മയാണ് അവനെ നോക്കിയിരുന്നത്. ആ കുഞ്ഞിന്റെ ചികിത്സയ്ക്കായി കിടപ്പാടം അവര്‍ വിറ്റു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ അച്ഛന്‍ ബെന്‍സിലാലിന് ജോലിക്ക് പോകാന്‍ കഴിയില്ല. അങ്ങനെ നാലുസെന്റ് നിയാസ് ഈ കുടുംബത്തിന് ഇഷ്ടദാനമായി നല്‍കി.

അതില്‍ നിന്നാണ് ഇങ്ങനെ വീടില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം നിയാസിന് തോന്നിയത്. അങ്ങനെ പാവങ്ങള്‍ക്കായി സ്വത്ത് വിതരണം ചെയ്യണമെന്ന ആശയത്തിലെത്തി. തുടര്‍ന്ന് ജാതി, മത, വര്‍ഗ ചിന്തകള്‍തീതമായി അര്‍ഹരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു അങ്ങോട്ട്. അങ്ങനെ സര്‍ക്കാരിന്റെ ഭൂരഹിത പട്ടികയില്‍നിന്നുള്‍പ്പെടെയുളള ഗുണഭോക്താക്കളെ നിയാസ് കണ്ടെത്തി. ആധികാരികതയ്ക്കായി നിയാസ് നേരിട്ടുപോയിക്കണ്ട് പരിശോധിച്ച് ഉറപ്പുവരുത്താനും തുടങ്ങി. അങ്ങനെ ഫെബ്രുവരി 8ന് കേരള മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി കൊല്ലം ജില്ലയിലെ ചിതറയിലെ ഗാന്ധി ഗ്രാമത്തിലെ ആദ്യവീട് നല്‍കി. ഭിന്നശേഷിക്കാരനായ തേജസിനാണ് ആദ്യവീട് നല്‍കിയത്.

അതേസമയം, കഴിഞ്ഞ ദിവസം വര്‍ക്കല തച്ചോട് സ്വദേശി ശ്യാമിനും കുടുംബത്തിനും ശിവഗിരി ശാരദാ മന്ദിരത്തില്‍ വെച്ച് സ്വാമി വിശാലനന്ദ പ്രമാണവും ആദ്യ ഘട്ട സാമ്പത്തിക സഹായവും നല്‍കിയിരുന്നു. അവര്‍ക്ക് ഇനി ഗാന്ധി ഗ്രാമില്‍ വീടൊരുങ്ങും. സ്ഥലത്തിന്റെ രേഖകളും, വീട് നിര്‍മ്മിക്കാന്‍ ആദ്യ ഘട്ട സഹായവും ശിവഗിരി ശാരദാ മഠത്തില്‍ വെച്ച് വിശാലനന്ദ സ്വാമി കൈമാറി. ശ്യാം കടുത്ത വൃക്ക രോഗിയും, മറ്റ് രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്ന ആളുമാണ്. ഭാര്യയും, രണ്ട് കുട്ടികളുമായി വാടക വീട്ടില്‍ ആണ് കഴിയുന്നത്. ലോട്ടറി കച്ചവടം ചെയ്താണ് ശ്യാം ഉപജീവനം കഴിക്കുന്നത്. നിയാസ് സ്വന്തം ഭൂമി ഇരുപത് പേര്‍ക്കായി നേരത്തെ പകുത്ത് നല്‍കിയിരുന്നു. ഇതില്‍ മറ്റുള്ളവര്‍ക്കായി വീട് നിര്‍മ്മിച്ചു വരികയാണ്.

Back to top button
error: