LIFETRENDING

രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ; ദൃശ്യം 2 ലഭിച്ചത് ഭാഗ്യം, നന്ദി പറഞ്ഞ് താരം

ഹനടിയായി വന്ന് മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നടി അഞ്ജലി നായര്‍. ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ പോലും മിക്ക സിനിമകളിലും അഞ്ജലിയുടെ സാന്നിധ്യമുണ്ട്. 1994 ല്‍ മാനത്തെ വെളളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായാണ് അഞ്ജലി ചലച്ചിത്ര രംഗത്തേക്ക് വന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിലും തമിഴ് സിനിമകളിലും വേഷമിട്ടു. അമ്മയായും അമ്മൂമ്മയായും അമ്മായിയായും വേഷമിടാന്‍ മടിയില്ലാത്ത താരം ഇപ്പോഴിതാ ദൃശ്യം 2വിലും എത്തിയിരിക്കുന്നു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 2വിനെക്കുറിച്ച് നടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അഞ്ജലിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു അഭിനേതാവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും… കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു.
പക്ഷേ അതിനുശേഷവും എനിക്ക് തന്ന… അല്ലെങ്കിൽ എന്നെ തേടി വന്ന സിനിമകളിൽ പലതിലും ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. രണ്ടോ, മൂന്നോ, സീനുകൾ മാത്രമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. അമ്മയായും, അമ്മൂമ്മയായും, അമ്മായിയായും അഭിനയിക്കേണ്ട വേഷങ്ങൾ ഉണ്ടായിരുന്നു. ഇത് എല്ലാം കണ്ട എൻറെ സുഹൃത്തുക്കളും, പ്രേക്ഷകരും, എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും, പരിഹസിക്കുകയും, വിമർശിക്കുകയും, ചെയ്യാറുണ്ടായിരുന്നു… അഞ്ജലി എന്തിനാണ് ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് എന്ന് ചോദിച്ചു..? എന്തിന് ഈ റോൾ ചെയ്തു..? കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ നല്ല റോൾ കിട്ടുമായിരുന്നില്ലേ?? അങ്ങനെ അങ്ങനെ നിരവധി ചോദ്യങ്ങൾ..
പക്ഷേ ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ ഓർത്തുകൊണ്ട് തന്നെയാണ് എനിക്ക് മുന്നിൽ വന്ന ചെറുതും വലുതുമായ സിനിമകൾ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.
ഈയൊരു നിമിഷം ഞാൻ വളരെയധികം സന്തോഷിക്കുന്നു.. വീണ്ടും ഞാൻ ഒരുപാട് പ്രതീക്ഷിക്കുന്നു.. കാരണം ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗമായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൽ എനിക്ക് വളരെ നല്ല ഒരു വേഷം തന്നു എന്നിൽ വിശ്വാസമർപ്പിച്ചാ എൻറെ ഡയറക്ടർ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തിൽ ഓർത്തുകൊണ്ട് ഞാൻ നന്ദി അറിയിക്കുന്നു. വീണ്ടും ഒരു വലിയ അവസരം തന്നതിന് ദൈവത്തിനോടും, എന്നെ സപ്പോർട്ട് ചെയ്യുന്ന എൻറെ സിനിമയിലെ ഓരോ സഹോദരി സഹോദരങ്ങൾക്കും, പ്രേക്ഷകരായ നിങ്ങൾ എല്ലാവർക്കും, ദൃശ്യത്തിലെ എൻറെ കഥാപാത്രത്തിലൂടെ ഞാനെന്ന കലാകാരിയിലു കൂടുതൽ ശുഭപ്രതീക്ഷ വെക്കാനുള്ള ഒരു വെളിച്ചം ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇനി അങ്ങോട്ട് എല്ലാവരുടെയും ഇഷ്ടം പോവാതെ തന്നെ നല്ല കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നു.
ഇതൊക്കെ എഴുതി പിടിപ്പിച്ചിട്ടു എനിക്ക് എല്ലാവരും മോശം കമൻ്റ്സ് തരുമോ, എന്നെ ട്രോളുമൊ, എന്നെ ഇനിയും പരിഹസിക്കുമൊ എന്നൊന്നും അറിയില്ല.. കമൻ്റ്സ് പ്രതീക്ഷിച്ചുകൊണ്ടോ, ലൈക്ക് കിട്ടുമൊ എന്ന് പ്രതീക്ഷിച്ചുകൊണ്ടോ ഒന്നും അല്ല ഈ പോസ്റ്റ്. എല്ലാവരും അറിയണമെന്നുണ്ട് ഞാൻ മനപ്പൂർവം ആരെയും വെറുപ്പിക്കാൻ വേണ്ടിയല്ല സിനിമയിലെ ഓരോ കഥാപാത്രങ്ങൾ ചെയ്യുന്നത്. എൻറെ പ്രൊഫഷൻ ഇത് ആയതുകൊണ്ടും ആ ഒരു കമ്മിറ്റ്മെൻറ് വെച്ചും, അന്നത്തിനും വേണ്ടിയാണ് ഞാൻ എനിക്ക് പറ്റാവുന്ന കാര്യങ്ങൾ ചെയ്യുന്നതെന്നും. ഒരു മാറ്റം ഉണ്ടാവട്ടെ അല്ലേ ഇതിനൊക്കെ.. ഉണ്ടാവും…
നോക്കാം.

Back to top button
error: