Lead NewsNEWS

യൂത്ത് ലീഗിന് എട്ടിന്റെ പണി, കത്വ കേസിന് കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക

കത്വ കേസിൽ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നൽകാൻ കേരളത്തിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിംഗ് രജാവത്ത്. ഇക്കാര്യത്തിന് എന്നുപറഞ്ഞ് യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയിരുന്നു.

കത്വ അഭിഭാഷകർക്ക് 9, 35,000 രൂപ നൽകിയെന്ന് കഴിഞ്ഞദിവസം യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞിരുന്നു. വാർത്താ സമ്മേളനം വിളിച്ച് പരസ്യമായാണ് അവകാശവാദം നടത്തിയത്. എന്നാൽ പണം നൽകിയെന്ന് യൂത്ത് ലീഗ് പറയുന്ന അഭിഭാഷകൻ മുബീൻ ഫാറൂഖിക്ക്‌ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ദീപിക പറയുന്നു.

കേസ് പൂർണമായും താൻ സൗജന്യമായി ആണ് നടത്തുന്നതെന്നും ദീപിക വ്യക്തമാക്കുന്നു. കേരളത്തിൽ നിന്ന് പണം ലഭിച്ചു എന്ന വാർത്ത ആശ്ചര്യജനകമാണ് എന്നും ദീപിക കൂട്ടിച്ചേർത്തു.

കത്വ കേസിലെ പെൺകുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും അഭിഭാഷകർക്ക് 9, 35000 രൂപ നൽകിയെന്നും യൂത്ത് ലീഗ് വിശദീകരിച്ചിരുന്നു. മുബീൻ ഫാറൂഖി ആണ് കേസ് നടത്തിപ്പിന്റെ ഏകോപനം എന്നും യൂത്ത് ലീഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് മുബീൻ ഫാറൂഖി ഒരു തവണ പോലും ഹാജരായില്ലെന്ന് ദീപിക വ്യക്തമാക്കുന്നു.

Back to top button
error: