NEWS

‘ചെത്തുകാരന്റെ മകൻ’ വിവാദം മറ്റൊരു വിവാദത്തിന്റെ ഓർമ്മകൾ ഉണർത്തുന്നു: അഡ്വ. വിദ്യാസഗർ

1976… അടിയന്തിരാവസ്ഥക്കാലം. അച്ചുതമേനോൻ മുഖ്യമന്ത്രി. കരുണാകരൻ ആഭ്യന്തര മന്ത്രി. ലീഡറുടെ പ്രതാപ കാലമാണ്. കെ.എം ജോർജിന്റെ കേരള കോൺഗ്രസ്‌ പ്രതിപക്ഷത്താണ്. എം. എൻ ഗോവിന്ദൻ നായർ, സിപിഐ യുടെ പ്രധാന നേതാവാണ്. ഒരു പ്രസ്താവനയിലൂടെ അദ്ദേഹം കേരള കോൺഗ്രസിനെ മന്ത്രി സഭയിൽ ചേരാൻ ക്ഷണിക്കുന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ കെ.എം ജോർജിന്റെ മറുപിടി ഇങ്ങനെ:

“പാറായിയുടെ ചാത്തമുണ്ണാൻ ക്ഷണിക്കേണ്ടത് പാറായിയുടെ പറമ്പിൽ കിടക്കുന്ന കുടികിടപ്പുകാരൻ പുലയനല്ല…” ചെറിയ കക്ഷി മാത്രമായ സി.പി.ഐ, മുന്നണിയിലെ വെറും കുടികിടപ്പു കാരനാണെന്ന ഒളിയമ്പ് സ്പഷ്ടം. ജോർജ് സാറിന്റെ മറുപിടി കലക്കി എന്ന് ജനം. അടുത്ത ദിവസം വന്നു എം.എൻ ന്റെ മറുപിടി: ” കെ.എം ജോർജ് എന്ന പെറ്റി ബൂർഷ്വക്ക് കുടികിടപ്പു കാരൻ പുലയനോടുള്ള അവജ്ഞയും പാറായി എന്ന വലിയ ബൂർഷ്വയോടുള്ള ആദരവും സ്പഷ്ടമാകുന്നുണ്ട് ഈ വാക്കുകളിൽ ” പിറ്റേ ദിവസത്തെ പത്രങ്ങളിൽ എം.എൻ ഗോവിന്ദൻ നായരുടെ മറുപിടി വായിച്ചു ജനം ആഞ്ഞു കയ്യടിച്ചു. കെ.എം ജോർജ് കുഴഞ്ഞു,.

അടുത്ത ദിവസം ജോർജ് വിശദീകരണം നൽകി വലഞ്ഞു. ഞാൻ അങ്ങിനെ ഒന്നും ഉദ്വേശിച്ചില്ല എന്നൊക്ക പറഞ്ഞു തടി തപ്പാൻ വിഫല ശ്രമം നടത്തിയ കാര്യം ഓർത്തു പോകുന്നു. ചെത്തുകാരന്റെയൊ തോട്ടിയുടെയോ ഒക്കെ മകൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്നാൽ ബഹുമാനിക്കാൻ കഴിയുന്ന തലത്തിലേക്കു സുധാകരെന്റെ മനോനില വളരാത്തത് കഷ്ടമായിരിക്കുന്നു എന്ന് ആർകെങ്കിലുമൊക്ക വ്യാഖ്യാനിക്കാൻ അവസരം കൊടുക്കാതിരിക്കുന്നതല്ലേ ഉചിതം എന്ന് പൊതു പ്രവർത്തകർക്ക് ചിന്തിക്കാൻ ഒരു പഴയ കഥ ഓർത്തെടുത്തു എന്നേ ഉള്ളു. സുധാകരൻ നേതാവ് പിണറായിയെ മലർത്തി അടിച്ചോ അതോ പിണറായി സഖാവ് സുധാകരൻ നേതാവിനെ മലർത്തി അടിച്ചോ എന്നും മറ്റും വിധിക്കാൻ എനിക്ക് ഈ ബോക്സിങ്ങിന്റെ റൂൾസ്‌ വലിയ പിടിയില്ല, ഞാനീ കണ്ണൂർ കാരുടെ ഇടയിൽ ഒരു വെറും മാവിലായിക്കാരൻ മാത്രം.

Back to top button
error: