NEWS

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ സമയബന്ധിതമായി നടക്കും: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്‌ളാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

 
ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുടെ ഭാഗമായി സർവകലാശാലകളിൽ സേവനാവകാശം നടപ്പാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് 19 മൂലം ഇത് നടപ്പാക്കാനായിട്ടില്ല. കോവിഡാനന്തരകാലത്ത് ഇത് നടപ്പാക്കാനാവുമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ അറിയിച്ചു. ഭരണഘടനയുടെ മൂല്യം സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിനുതകുന്ന സമീപനം സർക്കാർ സ്വീകരിക്കും. വിദേശഭാഷാ പഠനത്തിന് സംവിധാനം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. ഇത് ശക്തിപ്പെടുത്തും. ഭാഷ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനാവശ്യമായ സംവിധാനവും ഒരുക്കും.

 

Back to top button
error: