NEWSTRENDING

ചെത്തുതൊഴിലാളികളും മക്കളും കമ്യൂണിസ്റ്റുകാരും – അശോകൻ ചരുവിൽ

“മലയാറ്റൂർ രാമകൃഷ്ണനല്ല; വൈകുണ്ഠം പരമേശ്വരനാണെങ്കിലും കമ്യൂണിസ്റ്റുകാരന് സർക്കാർ ജോലി കൊടുക്കില്ല.”
-പട്ടം താണുപിള്ള

കേരളത്തിൻ്റെ സാമൂഹ്യചരിത്രത്തിൽ നിറംപിടിച്ചു കിടക്കുന്ന ഈ പ്രസ്താവന തിരുകൊച്ചി നിയമസഭാഹാളിലാണ് മുഴങ്ങിയത്. മുഖ്യമന്ത്രിക്കസേരയിൽ നിന്ന് എഴുന്നേറ്റു നിന്ന് വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം അത് പറഞ്ഞതിൽപ്പിന്നെ കേരളത്തിലെ പുഴകളിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി.

ഇന്നു കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുന്ന രണ്ടു വിഷയങ്ങൾ ഈ പ്രസ്താവനയെ ഓർമ്മിപ്പിക്കുന്നുണ്ട്. ഏതൊക്കെ വിഷയങ്ങൾ? താഴെ ചേർക്കുന്നു:
1. ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ച ഒരാൾ മുഖ്യമന്ത്രിയായാൽ ഹെലികോപ്ടറിൽ സഞ്ചരിക്കാമോ?
2. മതവിശ്വാസിയല്ലാത്ത, മിശ്രവിവാഹിതയായ കമ്യൂണിസ്റ്റ് പ്രവർത്തകയെ യൂണിവേഴ്സിറ്റിയിൽ മുസ്ലീം സംവരണത്തിൽ അധ്യാപികയായി നിയമിക്കാമോ?

കമ്യൂണിസ്റ്റുകാരന് സർക്കാർ ജോലി നൽകാത്ത ഒരു കാലം സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഉണ്ടായിരുന്നു എന്നാണല്ലോ പട്ടത്തിൻ്റെ പ്രസ്താവന വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റുകാരൻ അല്ലെങ്കിലും ചെത്തുതൊഴിലാളി കുടുംബങ്ങളിൽ നിന്നു വരുന്നവർക്ക് ഒരു കാലത്ത് സർക്കാർ ജോലി നിഷേധിച്ചിരുന്നു എന്നത് അന്തിക്കാട്ടുകാർക്ക് ഓർമ്മയുണ്ടാകും. പോലീസ് കോൺസ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെട്ട് വെരിഫിക്കേഷനിൽ പുറന്തള്ളപ്പെട്ട ഒരാളെ പിന്നീട് വർഷങ്ങൾക്കു ശേഷം 1980ലെ സർക്കാർ സ്പെഷൽ ഉത്തരവിലൂടെ രജിസ്ട്രേഷൻ വകുപ്പിൻ പ്യൂണായി നിയമിച്ച കാര്യം എനിക്കറിയാം. അദ്ദേഹം കാട്ടൂർ സബ്ബ് രജിസ്ട്രാപ്പീസിൽ എനിക്കൊപ്പം ജോലി ചെയ്തിരുന്നു.

1948-50 ലെ ഭീകരവാഴ്ചക്കാലത്ത് ഒരാൾ കമ്യൂണിസ്റ്റാണോ എന്നറിയാൽ പോലീസ് അയാളുടെ കാൽപ്പാദം പരിശോധിക്കുമായിരുന്നു. കാലിൽ തയമ്പുണ്ടെങ്കിൽ ചെത്തുതൊഴിലാളിയാണ്; കമ്യൂണിസ്റ്റാണ്; അടി ഉറപ്പ്.

പെരുങ്കാവൂർ രാജഗോപാലാചാരി തിരുവതാംകൂറിൽ പുലയക്കുട്ടികൾക്ക് സ്കൂൾ പ്രവേശനം അനുവദിച്ചപ്പോൾ അതിൽ പ്രതിഷേധിച്ച് ഒരു ഫ്യൂഡൽ മാടമ്പി വാളുകൊണ്ട് സ്വയം വെട്ടിമരിക്കാൻ നിരത്തിലിറങ്ങിയതായി കേട്ടിട്ടുണ്ട്. അദ്ദേഹം അന്നു മരിച്ചില്ലെന്നു തോന്നുന്നു. മരിച്ചിട്ടുണ്ടെങ്കിൽ തന്നെ ആ കണ്ണുകൾ അടഞ്ഞു കാണില്ല. പിന്നീട് നെയ്ത്തുകാരുടെ കുടിയിൽ നിന്നും ഒരാൾ (സി.കേശവൻ) മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നതും ആ ഹതഭാഗ്യനു കാണേണ്ടി വന്നിരിക്കാം. (അന്ന് ഹെലികോപ്ടർ ഉണ്ടായിരുന്നില്ല എന്നു സമാധാനിക്കാം.) അടയാത്ത ആ കണ്ണുകളെ സാക്ഷിയാക്കി കാലം മുന്നോട്ടു പോവുകയാണ്.

(അശോകൻ ചരുവിലിന്റെ ഫേസ്ബുക് പോസ്റ്റ്‌ )

Back to top button
error: