NEWSTRENDING

ആലപ്പുഴ ബൈപ്പാസിലെ വിള്ളൽ പരിശോധിക്കാന്‍ ഉന്നത സംഘം

ആലപ്പുഴ ബൈപ്പാസിൽ മാളികമുക്കിനു സമീപം കണ്ടെത്തിയ വിള്ളൽ പരിശോധിക്കാൻ ഉന്നതസംഘം എത്തി. ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബൈപാസിന് മറ്റു തകരാറുകൾ ഒന്നും തന്നെ ഇല്ലെന്നും രണ്ടാഴ്ച വിള്ളലിന്റെ അവസ്ഥ പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും തുടർ നടപടികളെന്ന് വിദഗ്ധസംഘം അറിയിച്ചു. ബൈപാസ് തുറക്കുന്നതിനു മുൻപ് തന്നെ ഭാരപരിശോധന നടത്തിയിരുന്നതും ഇതേ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം തന്നെയാണ്.

ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ പണിപൂർത്തിയാക്കിയ മാളികമുക്കിനു സമീപമാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. മാളിക മുക്കിന് സമീപം നിർമ്മിച്ച അടിപ്പാതയിലാണ് നാട്ടുകാർ വിള്ളൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടനെ തന്നെ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും പെയിന്റ് ഇളകിയതാണെന്ന് പ്രാഥമിക വിവരം നൽകുകയും ചെയ്തിരുന്നു.

നൂൽ പോലെയുള്ള വിള്ളല്‍ പല ഭാഗത്തും കണ്ടതിനെ തുടർന്നാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്. അഞ്ചു മീറ്ററോളം നീളത്തിൽ ഒരു വിള്ളലും മറ്റ് ചെറിയ വിള്ളലുകൾ നാലെണ്ണവുമുണ്ട്. ചീഫ് എൻജിനീയർ എം അശോക് കുമാർ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. പ്രോഫോമീറ്റര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിദഗ്ധസംഘം ബൈപാസിലെ വിള്ളല്‍ പരിശോധിച്ചത്.

Back to top button
error: