പിണറായി വിജയന്റെ ജാതി കെ സുധാകരൻ ഓർമ്മിപ്പിക്കുമ്പോൾ -വീഡിയോ


മുഖ്യമന്ത്രി പിണറായി വിജയനെ ഒരിക്കൽ കൂടി ജാതി പറഞ്ഞ് അധിക്ഷേപിച്ചിരിക്കുകയാണ് ഒരു രാഷ്ട്രീയ നേതാവ് ,അതും ഒരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് വച്ച് .അതങ്ങനെയാണ് കേരള രാഷ്ട്രീയത്തിന്റെ ചില സവിശേഷ സന്ധികളിപ്പോൾ പിണറായിയെ ഒരു കൂട്ടം എതിരാളികൾ ഒരു പ്രത്യേക ജാതിക്കോളത്തിൽ പെടുത്തും ,അത് കൈപ്പിഴയോ വാമൊഴി പിഴവോ അല്ല ,നിശ്ചയിച്ചും ഉറപ്പിച്ചും പറയുന്നതാണ് .

കുമ്പക്കൂടി സുധാകരൻ എന്ന കെ സുധാകരൻ എതിരാളികളെ അരയ്ക്ക്  താഴെ  ഇടിച്ചു വീഴ്ത്താൻ കേമനാണ് .ജാതി പറച്ചിലാണ് പുള്ളിയുടെ മെയിൻ .പുള്ളിയെ സംബന്ധിച്ചിടത്തോളം മുണ്ടയിൽ കോരൻറെ മകൻ വിജയന് ഒരു സ്ഥലമേ പറഞ്ഞിട്ടുള്ളൂ ,അത് തെങ്ങിന്റെ മുകളിൽ ആണ് .

ചായ വിറ്റു നടന്നു എന്ന് പറയുന്ന ആൾ പ്രധാനമന്ത്രി ആയ മഹത്തായ ജനാധിപത്യ പാരമ്പര്യം ഉള്ള നാടാണ് ഇന്ത്യ .ചെത്തുകാരൻ മുണ്ടയിൽ കോരന്റെ മകൻ ചെത്തുകാരൻ ആകണമെന്ന് വാശിപിടിക്കുമ്പോൾ അധ്യാപകനായ കെ ഒ ചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടിയും അധ്യാപകനായ രാമകൃഷ്ണൻ നായരുടെ മകൻ രമേശനും ഇന്നിപ്പോൾ റിട്ടയർ ചെയ്ത് വീട്ടിൽ ഇരിക്കേണ്ട സമയമാണ് .നെയ്ത്തു തൊഴിലാളിയായ വി രാമുണ്ണിയുടെ മകൻ കുമ്പക്കൂടി സുധാകരൻ ആരോഗ്യമുണ്ടെങ്കിൽ ഇന്നും നെയ്തിരുന്നേനെ .

നമ്മൾ അന്വേഷിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് .രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെ സുരേന്ദ്രനും എതിരെ ഇല്ലാത്ത ജാതീയ പരാമർശം എന്തുകൊണ്ടാണ് പിണറായി വിജയനെതിരെ തുടരെ ഉണ്ടാകുന്നത് ?

വായിൽ നാക്കാണ് സുധാകരന്റെ പ്രധാന ആയുധം .ബെല്ലും ബ്രേക്കുമില്ലാതെയാണ് സുധാകരൻ സംസാരിക്കുക എന്ന് സുധാകരനെ അറിയാത്തവർ മാത്രമാണ് പറയുക.വാക്കുകളെറിഞ്ഞ് പിടിക്കുന്ന ഒരു രാഷ്ട്രീയ ശൈലി ജീവിതത്തിലുടനീളം സുധാകരൻ പരീക്ഷിച്ചിട്ടുണ്ട് .സ്വാശ്രയ കൊള്ളക്കാരന്റെ കേസ് ഒത്തുതീർക്കാൻ പോയി എന്ന ആരോപണം ഉണ്ടായപ്പോഴും നാൽപ്പാടി വാസു കേസിലും ചെന്നൈ യാത്രയെ കുറിച്ചുള്ള ഗോസിപ്പുകൾ പടർന്നപ്പോഴും കോൺഗ്രസ് നേതാവ് പി രാമകൃഷ്‌ണനെ ഓഫീസ് വളപ്പിലിട്ട് തല്ലിച്ചതച്ചപ്പോഴും ഇ പി ജയരാജനെ കൊല്ലാൻ ശ്രമിച്ചപ്പോഴും ഉയർന്ന ആരോപണങ്ങളെ സുധാകരൻ മറി കടന്നത് പാർട്ടിയിലെ തന്റെ പിടിപാടും വായിൽ നാക്കും കൊണ്ടാണ്.

താൻ ബിജെപിയിലേക്ക് എന്ന വാർത്തയോട് സുധാകരൻ പ്രതികരിച്ചത് കോൺഗ്രസ് ദുർബലമാണെങ്കിലും ബിജെപിയിലേക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് .ഇടയ്ക്ക് കെപിസിസി അധ്യക്ഷ സ്ഥാനത്തിന്റെ അടുത്ത് വരെയെത്തിയെങ്കിലും അതും അനിശ്ചിതത്വത്തിലായി .

ഇത്രയൊക്കെ പറഞ്ഞത് സുധാകരൻ ഒന്നും നോക്കാതെ എറിയില്ല എന്ന് പറയാൻ ആണ് .എന്തായാലും കേരള രാഷ്ട്രീയത്തിൽ ജാതികലർത്താനുള്ള ഒരു ശ്രമവും ജനാധിപത്യ വിശ്വാസികൾ വച്ചുപൊറുപ്പിക്കില്ല എന്നുറപ്പ്. സുധാകരന്റെ പരമാർശങ്ങളോട് സമൂഹത്തിൽ ഉയരുന്ന പ്രതികരണം അതാണ് കാണിക്കുന്നത്.

ഇനി ഈ ചിത്രങ്ങൾ സുധാകരൻ കാണണം .മൺറോതുരുത്ത് മുൻ പ്രസിഡണ്ട് ബിനു കരുണാകരൻ തെങ്ങിൽ നിന്ന് കള്ള് ചെത്തുന്ന ചിത്രങ്ങൾ ആണിത് .


തൊഴിൽ ഒരു ഉപജീവന മാർഗമാണ് എന്നാണ് ബിനുവിന് സുധാകരനോട് പറയാനുള്ളത് .

രാഷ്ട്രീയ പാർട്ടികൾക്ക് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാം.അതല്ലാത്ത ജാതീയവും വംശീയവുമായ വാക്ക് വേട്ട അപലപിക്കപ്പെടേണ്ടത് തന്നെയാണ് .അത് ഏതു നേതാവ് നടത്തിയാലും .ഇക്കാര്യത്തിൽ പിണറായി വിജയൻ കൈക്കൊള്ളുന്ന നിലപാട്  പ്രശംസനീയമാണ് ,”അച്ഛനൊപ്പം പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും ..ചെത്ത് തൊഴിലാളിയുടെ മകനെന്ന വിളിയിൽ അഭിമാനം മാത്രം .”പിണറായി ആവർത്തിക്കുന്നു .ഇനിയെങ്കിലും സുധാകരൻ ഒന്ന്‌ നന്നാവുന്നത് നന്നാവും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version