NEWSTRENDING

എത്രത്തോളം എതിര്‍ക്കുന്നുവോ അത്രത്തോളം മുന്നോട്ട്

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കര്‍ഷകര്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നു. കർഷകരെ നേരിടാൻ വലിയ ബാരിക്കേഡുകളും പഞ്ചി സ്റ്റിക്കുമായി കാത്തിരിക്കുന്ന പോലീസുകാരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആവുകയും വലിയ വിമർശനങ്ങൾക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. കേന്ദ്ര നേതൃത്വം കർഷകരോട് യുദ്ധം ചെയ്യുകയാണോ എന്ന് പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തതും വലിയ ചർച്ചയായിരുന്നു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കർഷകർക്ക് പിന്തുണയുമായി പ്രഗത്ഭര്‍ രംഗത്തെത്തിയിരുന്നു.

കർഷക സമരത്തിന്റേ ചൂടേറുബോള്‍ തലസ്ഥാന അതിർത്തിയിലേക്ക് കർഷക പ്രവാഹം തുടരുകയാണ്. ഹരിയാനയിലെ ജിന്ദില്‍ അരലക്ഷത്തിലേറെ പേർ പങ്കെടുത്ത മഹാപഞ്ചായത്ത് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കുക, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ നടപ്പാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായി മഹാ പഞ്ചായത്തിലെ പ്രമേയം പാസാക്കി. ആഗ്ര എക്സ്പ്രസ് പാതയിൽ കർഷകർ വീണ്ടും ധർണ തുടങ്ങി. പഞ്ചാബിലെയും രാജസ്ഥാനിലെയും കൂടുതൽ ആളുകൾ ബുധനാഴ്ച ഷാജഹാന്‍പൂരിലെ സമരകേന്ദ്രത്തിൽ എത്തിയത് വലിയ വാർത്തയായിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള കർഷകർ സമരരംഗത്തേക്ക് എത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അറിയിച്ചു. കർഷകര്‍ റോഡ് ഉപരോധിക്കുമെന്ന് വാർത്ത വന്നതോടെ ക്രമസമാധാനം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് JNU, ജാദവ്പൂർ സർവകലാശാല, കാൺപൂര്‍ IIT, മദ്രാസ് IIT, ബോംബൈ IIT, ഡൽഹി സർവ്വകലാശാല, പഞ്ചാബ് സർവകലാശാല, കൊൽക്കത്ത IIM തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 413 അക്കാദമിക വിദഗ്ര്‍ ഒപ്പിട്ട കത്ത് കേന്ദ്രത്തിന് അയച്ചു. ചെങ്കോട്ടയിലെ സംഘർഷങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടൻ ദീപ് സിദ്ദുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രഖ്യാപിച്ചു. ദീപ് സിദ്ദുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഭൂട്ടാ സിംഗ്, സിഖ് വീര്‍ സിംഗ് തുടങ്ങിയവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അര ലക്ഷം രൂപയുമാണ് പോലീസ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്

Back to top button
error: