Lead NewsNEWS

സിപിഎമ്മിന്റെ അനര്‍ഹമായ പിന്‍വാതില്‍ നിയമനങ്ങള്‍ യുഡിഎഫ് പുന:പരിശോധിക്കും: മുല്ലപ്പള്ളി

വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സിപിഎം അനുഭാവികളായ ആയിരക്കണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും പിന്‍വാതില്‍ വഴി സിപിഎം നടത്തിയ അനര്‍ഹമായ എല്ലാ നിയമനങ്ങളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുന:പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.വകുപ്പ് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായിട്ടാണ് നിയമനങ്ങള്‍ നടത്തുന്നത്.യുവാക്കളെ വഞ്ചിച്ച സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പിഎസ്‌സിയെ നോക്കുകുത്തിയാക്കി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്ത നരേന്ദ്ര മോദിയുടെ അതേ പാത തന്നെയാണ് മുഖ്യമന്ത്രിയും പിന്തുടരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2019-20 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ മൊത്തം 14019 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തില്‍ 1963 തൊഴില്‍രഹിതരാണ് ജീവനൊടുക്കിയത്. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14 ശതമാനമാണ്. ഈ കണക്കുകള്‍ നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്കു വേണ്ടി പിന്‍വാതില്‍ നിയമനം. ഇത് പ്രതിഷേധാര്‍ഹമാണ്. ഇതിലൂടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം അഭ്യസ്തവിദ്യര്‍ക്ക് അന്യമാവുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ എംപ്ലോയ്മെന്റെ എക്സ്ചേഞ്ചുകളില്‍ 43.3 ലക്ഷം തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനു കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് (11.4%) കേരളത്തിലാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.0% മാത്രം. മൂന്ന് വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ കാട്ടിയില്ല.ഇത് പുറംവാതില്‍ നിയമനത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി മാത്രമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: