Lead NewsNEWS

98 ദിവസങ്ങള്‍ക്ക് ശേഷം ശിവശങ്കര്‍ പുറത്തേക്ക്…

98 ദിവസത്തെ വിചാരണ തടവിന് ശേഷമിതാ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പുറത്തിറങ്ങുന്നു. രണ്ട് ലക്ഷം രൂപ ബോണ്ടിന്‍മേലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. സ്വര്‍ണക്കടത്ത്, കളളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് ആരോപിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്.

ഉച്ചയ്ക്ക് 2.10-ഓടെ അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. കൈയ്യില്‍ ജയിലില്‍ കഴിയവെ വായിച്ചിരുന്ന പുസ്‌കങ്ങള്‍ അടുക്കിപ്പിടിച്ചായിരുന്നു ശിവശങ്കര്‍ പുറത്തേക്കെത്തിയത്. ജയില്‍മോചിതനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പുറത്തിറങ്ങിയ ഉടന്‍ കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം മറ്റൊരു വാഹനത്തിലേക്ക് അദ്ദേഹം യാത്ര മാറ്റി.

ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ കസ്റ്റംസ് രണ്ട് കേസുകള്‍ കൂടി ചുമത്തി. നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് തുടക്കമിട്ടത്.

2016 മെയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റമത് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാക്കളില്‍ പ്രഥമസ്ഥാനീയനായിരുന്നു ശിവശങ്കര്‍. സ്പ്രിങ്കളര്‍ ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നടത്തിയ കുറ്റമേറ്റ് പറച്ചിലിലൂടെയാണ് ശിവശങ്കര്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. വീഴ്ച്ച പറ്റിയെന്ന് ശിവശങ്കര്‍ തന്നെ ഏറ്റുപറഞ്ഞെങ്കിലും ഐ ടി സെക്രട്ടറിക്ക് മുഖ്യമന്ത്രി വീണ്ടും അവസരം നല്‍കി. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം നേരിട്ടിരുന്ന പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറിന്റെ പേര് കൂടി പുറത്തുവന്നതോടെ ജൂലൈയില്‍ ശിവശങ്കറിനെ സ്ഥാനത്ത് നിന്ന് നീക്കി.കള്ളക്കടത്തു കേസില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണ്.

ശിവശങ്കറിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന്, ശിവശങ്കറിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ സിജെഎം കോടതി നിരീക്ഷിച്ചു. അന്വേഷണ പുരോഗതി കണക്കിലെടുത്താണ് ശിവശങ്കറിനു ജാമ്യം അനുവദിക്കുന്നത്.ശിവശങ്കറിനെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കേണ്ടതില്ല. ശിവശങ്കറിനു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന ഹൈക്കോടതി പരാമര്‍ശവും കണക്കിലെടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.ശിവശങ്കറിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണമാണ്. ഡോളര്‍ കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവുണ്ടെന്നാണ് സാക്ഷിമൊഴികള്‍. ഇതു സര്‍ക്കാരിനെ അറിയിക്കാതിരുന്നത് ഗൗരവത്തോടെ കാണണം. ശക്തമായ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥന്‍ എന്ന വിളികള്‍ക്കിടെയും IASല്‍ 2023 ജനുവരി 31 വരെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് തിരിച്ചടിയായി സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും ശിവശങ്കര്‍ ഉള്‍പ്പെടുന്നത്.

അതേസമയം, ജയിലില്‍ നിന്ന് പുറത്ത് വന്ന ശിവശങ്കര്‍ എന്താണ് പറയുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇഡിയും എന്‍ഐഎയും കസ്റ്റംസും തന്നോട് എങ്ങനെ പെരുമാറി എന്ന വിശദീകരണം തീര്‍ച്ചയായും ശിവശങ്കറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Back to top button
error: