Lead NewsNEWS

ശോഭയ്ക്ക് സീറ്റ് നല്‍കി പ്രശ്‌നപരിഹാരത്തിനൊരുങ്ങി കേന്ദ്രം; ലക്ഷ്യം വിജയം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വത്തിലെ ബിജെപി ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം. അതിനായി പല മാര്‍ഗങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപി പ്രചരണത്തിനായി കേരളത്തിലെത്തുന്ന അഖിലേന്ത്യ പ്രസിഡന്റ് ജെ.പി നദ്ദ ഇതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. ശോഭ സുരേന്ദ്രന്‍ കഴിഞ്ഞദിവസം ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ശോഭ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതോടെ എ ക്ലാസ് മണ്ഡലത്തില്‍ മണ്ഡലത്തില്‍ ശോഭയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശോഭയുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം.

സംസ്ഥാന നേതൃത്വം അവഗണിക്കുന്നതായി കാണിച്ച് ശോഭ സുരേന്ദ്രന്‍ നേരത്തെ അഖിലേന്ത്യ പ്രസിഡന്റ് ജെപി നഡ്ഡയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരുവിഭാഗം നേതാക്കളെ അകറ്റി നിര്‍ത്തുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന്റെ നടപടിയാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണമെന്നും അറിയിച്ചിരുന്നു.

ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാനത്തെ ഏക വനിതാ സാന്നിധ്യം ശോഭ സുരേന്ദ്രന്‍ ആയിരുന്നു .എന്നാല്‍ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷന്‍ ആയപ്പോള്‍ ശോഭയെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി .മാത്രമല്ല അപ്രധാനമായ ഉപാധ്യക്ഷ പദവിയില്‍ ഒതുക്കി .ഇതോടെ ശോഭ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കണമെന്ന് ആര്‍.എസ്.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 30 എ ക്ലാസ് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രധാന നേതാക്കളും പൊതുസമ്മതാരായവരും സ്ഥാനാര്‍ത്ഥികളാകും. 70 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വെക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

നേമത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ് നിലവില്‍ പരിഗണിക്കുന്നത്.നേമത്തും വട്ടിയൂര്‍ക്കാവിലും കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് കേരളത്തിലെത്തും. മൂന്ന്, നാല് തീയതികളിലാണ് നഡ്ഡയുടെ കേരള സന്ദര്‍ശനം. പാര്‍ട്ടിയോഗങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ച് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പാര്‍ട്ടി മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുക്കും. നാലിന് തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും നഡ്ഡ പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുമാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നഡ്ഡ പങ്കെടുക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തൃശൂരില്‍ വ്യാഴാഴ്ച നഡ്ഡ ബിജെപിയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. എന്‍ഡിഎ മുന്നണിയിലെ ഘടക കക്ഷി നേതാക്കളുമായും അദ്ദേഹം ആശയ വിനിമയം നടത്തും. സംസ്ഥാന ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളിലും ചര്‍ച്ച നടത്തും.

Back to top button
error: