Lead NewsNEWS

സ്വീപ്പർ ആയിരുന്ന ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ടിന് നേരെ ജാതി ആക്ഷേപം, ജീവനക്കാർക്കും സഹ മെമ്പർമാർക്കും താക്കീത് നൽകി എംഎൽഎ

ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തിരിച്ചെത്തിയ ആനന്ദവല്ലിക്കുനേരെ ജാതി അധിക്ഷേപം എന്ന് ആരോപണം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് ആനന്ദവല്ലി.

ഓഫീസ് ജീവനക്കാരും സഹ മെമ്പർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്നും പരിഗണിക്കാതെ ഇരിക്കുന്നുവെന്നുമാണ് ആനന്ദവല്ലി പറയുന്നത്. തനിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എംഎൽഎ കെ ബി ഗണേഷ് കുമാറുമായി പങ്കുവച്ചു.

മണ്ഡലത്തിലെ ഒരു പൊതു പരിപാടിയിൽ വച്ച് കെ ബി ഗണേഷ് കുമാർ പരസ്യമായി ജീവനക്കാർക്ക് താക്കീത് നൽകി. ദളിത് കുടുംബത്തിൽ നിന്ന് പൊതു രംഗത്ത് ഇറങ്ങിയ ആനന്ദവല്ലിക്കെതിരെ ജാതി മേൽക്കോയ്മ കാണിക്കുന്നവർ ആരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംഎൽഎ വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ മഹത്വമാണ് ആനന്ദവല്ലിയുടെ സ്ഥാനലബ്ധി. ആനന്ദവല്ലിയെ വേദനിപ്പിക്കുന്നവർ ആരായാലും അതിന് അവർ വലിയ വില കൊടുക്കേണ്ടി വരും. മാടമ്പിത്തരം കയ്യിൽ വച്ചാൽ മതി എന്നും അത് പത്തനാപുരത്ത് നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തലവൂർ ഡിവിഷനിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായാണ് ആനന്ദവല്ലി മത്സരിച്ച് ജയിച്ചത്. ഒരു ദശാബ്ദത്തോളം ആയി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ് ആനന്ദവല്ലി. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമാണ് ആനന്ദവല്ലി.

Back to top button
error: