Lead NewsNEWSTRENDING

പരാമര്‍ശങ്ങളില്‍ അതൃപ്തി; ചൈനയിലെ വ്യവസായ പ്രമുഖരുടെ പട്ടികയിൽ നിന്നും ജാക്മയെ ഒഴിവാക്കി

ചൈനീസ് സർക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ് ആലിബാബ എന്ന വമ്പൻ ഓൺലൈൻ കമ്പനിയുടെ സ്ഥാപകനായ ജാക്മ പൊതു രംഗത്തുനിന്നും അപ്രത്യക്ഷനായത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും എതിരെയായിരുന്നു ജാക്മയുടെ പരാമർശം.

ഇപ്പോഴിതാ ചൈനയിലെ വ്യവസായ പ്രമുഖരുടെ പട്ടികയിൽ നിന്നും ജാക്മയെ ഒഴിവാക്കിയെന്ന വാർത്തയാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് പുറത്തുവിടുന്നത്. ഇതോടെ അദ്ദേഹത്തോടുള്ള ചൈനീസ് സർക്കാരിന്റെ അപ്രീതി ആണ് വ്യക്തമാകുന്നത്. ടെക്നോളജി മേഖലയിലെ പ്രശസ്ത വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പത്രത്തിന്റെ മുൻപേജിൽ നിന്നാണ് ജാക്മയെ ഒഴിവാക്കിയിരിക്കുന്നത്.

ചൈനയിലെ ബാങ്കിംഗ് രീതി പഴഞ്ചൻ ആണെന്ന് പറഞ്ഞ ജാക്മയുടെ വാക്കുകൾ ചൈനീസ് സർക്കാരിനെ പ്രകോപിപ്പിക്കുന്നതിന് കാരണമായി. ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാണിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒക്ടോബർ അവസാനം മുതൽ ജാക്മയുടെ സംഘത്തിന്റെ 1100 കോടി ഡോളർ നഷ്ടമായി. ആസ്തി 6170 കോടി ഡോളറിൽ നിന്ന് 5090 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ജാക്ക് മാ ലോകത്തെ 25-ാമത്തെ സമ്പന്ന വ്യക്തിയായി താഴോട്ടിറങ്ങി. കഴിഞ്ഞ നവംബർ മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായഭിന്നത പുറത്തുവന്നതിനു ശേഷം ജാക്ക് മാ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Back to top button
error: