NEWS

കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം മുഖ്യമന്ത്രി വാക്കുപാലിക്കണം തമ്പാനൂര്‍ രവി

കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ശമ്പളപരിഷ്‌ക്കരണം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാരും തൊഴിലാളികളെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി.
27000 ജീവനക്കാര്‍ക്കും 41000 പെന്‍ഷന്‍കാര്‍ക്കും 2012 ലെ ശമ്പളവും പെന്‍ഷനുമാണിന്നും നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതര പൊതുമേഖലാ ജീവനക്കാര്‍ക്കും രണ്ടു ശമ്പളപരിഷ്‌ക്കാരമാണിതിനകം നടപ്പാക്കിയത്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ മൂന്നു കൊല്ലത്തിനകം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം പിടിച്ചെടുക്കുകയും 38% അദ്ധ്വാനവര്‍ദ്ധന അടിച്ചേല്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ പുതിയ ശമ്പള പരിഷ്‌ക്കാരം നടപ്പാക്കുന്നതോടെ 8 ഗഡു ഡി.എ. യാണിപ്പോള്‍ കുടിശികയുള്ളത്. ഹിതപരിശോധനയില്‍ ഭരണയൂണിയനുകളെ സഹായിക്കാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും 1500 രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുകയും നവംബറില്‍ ശമ്പളപരിഷ്‌ക്കരണ ചര്‍ച്ച ആരംഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഹിതപരിശോധനയില്‍ ഭരണയൂണിയനുകള്‍ക്ക് തൊഴിലാളികള്‍ കനത്ത തിരിച്ചടി നല്‍കിയതിനെത്തുടര്‍ന്ന് പ്രതികാര നടപടികളുമായി മുന്നോട്ടുപോകുകയാണ്.

കെ.എസ്.ആര്‍.റ്റി.സി.യെത്തന്നെ ഇല്ലാതാക്കുന്ന ‘കമ്പനി രൂപീകരണവും’ ജീവനക്കാരെ പിരിച്ചുവിടുന്നതും, 50 കൊല്ലത്തേക്ക് കോര്‍പ്പറേഷന്‍ വസ്തുക്കള്‍ സ്വകാര്യക്കാര്‍ക്ക് പാട്ടത്തിനു നല്‍കുന്നതുള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണ നല്‍കണമെന്നാണ് തൊഴിലാളികളോടാവശ്യപ്പെടുന്നത്. ലാഭത്തിലായിട്ടു മാത്രമേ ശമ്പള പരിഷ്‌ക്കാരമെന്നാണ് മാനേജ്‌മെന്ററിയിച്ചത്.

Back to top button
error: