Lead NewsNEWSVIDEO

നിർമല സീതാരാമൻ പ്രഖ്യാപിച്ചത് വാജ്പേയ് സർക്കാർ കാലം മുതലുള്ള ബിജെപി ആഗ്രഹം, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കും

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി വിറ്റഴിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തന്ത്രപരമായ മേഖലകളുടെ എണ്ണം നാലിലേക്ക് ചുരുക്കും. മറ്റെല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം വ്യാപകമായി നടപ്പാക്കും. ആത്മ നിർഭയ് പാക്കേജിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം എന്നതും കൗതുകകരമാണ്.

” നാലു തന്ത്രപരമായ മേഖലകളിൽ നിശ്ചിത സ്ഥാപനങ്ങൾ മാത്രം നിലനിർത്തും. മറ്റെല്ലാ മേഖലകളിലും പൂർണമായി സ്വകാര്യവൽക്കരണം നടപ്പാക്കും. “തന്ത്രപരവും അല്ലാത്തതുമായ മേഖലകളിലെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട നയം ധനമന്ത്രി പ്രഖ്യാപിച്ചു.

തന്ത്രപരമായ വിറ്റഴിക്കൽ വേണ്ട മേഖലകൾ നീതിആയോഗ് നിശ്ചയിക്കും. 2021- 22 വർഷത്തിൽ ഓഹരികൾ വിറ്റഴിക്കുന്ന ചില സ്ഥാപനങ്ങൾ ഇനി പറയുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, എയർ ഇന്ത്യ, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, പവൻ ഹാൻസ് എന്നിവയാണ് ചിലത് . ഇതിൽ മിക്കതും സ്വകാര്യവൽക്കരണത്തിന്റെ ആദ്യഘട്ടത്തിലാണ്.

രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവൽക്കരണത്തിലേക്ക് മാറും. ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതികൾ നടപ്പ് പാർലമെന്റ് സെഷനിൽ കൊണ്ടുവരും.

എൽഐസിയുടെ ആദ്യഘട്ട വിറ്റഴിക്കൽ നടപടി 2021-22 ൽ തന്നെ നടപ്പാക്കും. മഹാമാരി കാലത്ത് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള സാധ്യത ആയാണ് കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ കാണുന്നത്.

തന്ത്രപരമായ മേഖലകളുടെ എണ്ണം 18 എന്നാണ് കഴിഞ്ഞവർഷംമന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്ന കുറിപ്പിന്റെ ശുപാർശ. ഇതിൽ വൈദ്യുതി,ബാങ്കിങ്,ഇൻഷുറൻസ്,സ്റ്റീൽ, കൽക്കരി, വളം,പെട്രോളിയം, പ്രതിരോധം എന്നിവ ഉൾപ്പെടുന്നു. ഈ നിർദ്ദേശത്തിന് കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. എന്നാൽ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി 18 മേഖല എന്നത് നാല് മേഖലയിലേക്ക് ചുരുക്കിയിരിക്കുന്നു.

പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കുന്നതിൽ നിന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്നത് 1.75 ലക്ഷം കോടിയാണ്. വജ്പേയിയുടെ കാലത്ത് 1998ൽ അന്നത്തെ ധനമന്ത്രി യഷ്വന്ത്‌ സിൻഹ ആണ് ആദ്യമായി തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉള്ള സർക്കാർ ഓഹരി 50 ശതമാനത്തിൽ താഴെ കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചത്.1999-2004ലും വാജ്പേയി സർക്കാർ ഈ പാത പിന്തുടർന്നു.

ഇതിന്റെ ഭാഗമായി വി എസ്എൻഎൽ, ബാൽകോ, ഹിന്ദുസ്ഥാൻ സിങ്ക്, മാരുതി സുസുക്കി, സി എം സി ലിമിറ്റഡ് എന്നിവയിൽ നിന്നെല്ലാം സർക്കാർ അക്കാലത്ത് പിന്മാറാൻ ആരംഭിച്ചു.

Back to top button
error: