Lead NewsNEWS

പുലിവാല് പിടിച്ച് ബിജെപി, ഹരിയാന സർക്കാർ താഴെ പോകുമെന്ന് ആശങ്ക,ജാട്ട് കർഷകർ സംഘടിക്കുന്നു

ഉത്തർപ്രദേശിൽ കർഷകർക്കെതിരെ സർക്കാരും പോലീസും എടുത്ത നടപടികൾ ബിജെപിക്ക് തിരിച്ചടിയാകുന്നു. പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ബിജെപി വിരുദ്ധ വികാരം ശക്തമാകുകയാണ്. ഡൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ കർഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ യുപി സർക്കാർ ശ്രമിച്ചതാണ് ബിജെപിയെ പുലിവാൽ പിടിപ്പിച്ചിരിക്കുന്നത്. സമരത്തിൽ അണിചേരാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് കണ്ണീരോടെ അഭ്യർത്ഥിച്ചപ്പോൾ ആയിരക്കണക്കിന് കർഷകരാണ് സമരത്തിൽ അണിചേരാൻ എത്തിയത്.

കർഷകരുടെ ഒത്തുചേരലിന് ചുക്കാൻ പിടിച്ചത് ആകട്ടെ ജാട്ടുകളും. യുപിയിലെ മുസഫർ പൂരിൽ ആണ് ജാട്ടുകൾ മുൻകൈയെടുത്ത് കർഷകർ ഒത്തുചേർന്നത്. രാജേഷിന്റെ സഹോദരൻ നരേഷ് ടികായത് കാര്യങ്ങൾ നിയന്ത്രിച്ചു. കർഷകരുടെ സമരത്തിന് യോഗം പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. യുപിയിൽ നിന്ന് മാത്രമല്ല ഹരിയാനയിലെ ജാട്ട് കർഷകരും ഈ സമ്മേളനത്തിൽ എത്തിയിരുന്നു. കിലോമീറ്ററുകൾ താണ്ടി അതിർത്തി കടന്ന് കർഷകർ സമ്മേളനത്തിൽ എത്തിയത് സമരത്തിന് ആത്മവിശ്വാസവും ആവേശവും വർധിപ്പിച്ചിരിക്കുകയാണ്.

ഹരിയാനയിൽ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയെ ആശ്രയിച്ചാണ് ബിജെപി സർക്കാർ നിലകൊള്ളുന്നത്. ജാട്ട് സമുദായത്തിനു നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ജെജെപി. ഭരണത്തിൽ നിന്ന് പിൻമാറാൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്ക് സമ്മർദ്ദം ഏറെയാണ്. ദുഷ്യന്ത് ചൗട്ടാലയുടെ അമ്മാവൻ അഭയ് സിംഗ് ചൗട്ടാല എംഎൽഎ സ്ഥാനം രാജി വെച്ച ശേഷം ഇപ്പോൾ സമരത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്. ദുഷ്യന്ത് ചൗട്ടാല പാലം വലിച്ചാൽ ഹരിയാനയിലെ ബിജെപി സർക്കാർ നിലംപതിക്കും.

യോഗി ആദിത്യനാഥ് സർക്കാർ അമിതാവേശം കാട്ടി എന്നാണ് ബിജെപിയിൽ ഉള്ളവർ തന്നെ അടക്കം പറയുന്നത്. വൈദ്യുതിയും വെള്ളവും നിഷേധിച്ച് കർഷകരെ ഓടിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ ഇത് തിരിച്ചടിച്ചു. ഗ്രാമങ്ങളിലെ കർഷകർ കൂട്ടായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.ജാട്ട് വികാരം ഉച്ചസ്ഥായിയിൽ എത്തിയാൽ ബിജെപിയുടെ വോട്ട് ബാങ്ക് ഇളകും. യോഗി ആദിത്യനാഥ് താക്കൂർ ചായ്‌വുള്ള മുഖ്യമന്ത്രിയാണെന്ന് യുപിയിലെ ജാട്ടുകൾ ഇപ്പോൾതന്നെ ആരോപിക്കുന്നുണ്ട്.

കർഷക സമരത്തോടനുബന്ധിച്ച് ഹിന്ദു – സിഖ് -ജാട്ട് സഖ്യം രൂപപ്പെട്ടാൽ അത് ഉത്തരേന്ത്യയിൽ ബിജെപിയുടെ അടിത്തറ ഇളക്കും. ഖാപ്പ് പഞ്ചായത്ത് തലവൻമാരെയും പാർട്ടിയിലെ ജാട്ട് നേതാക്കളെയും ഉപയോഗിച്ച് പ്രശ്നപരിഹാരത്തിന് കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ് ബിജെപി.

Back to top button
error: