LIFETRENDING

എല്ലാ ഡയലോഗും മമ്മൂക്ക പുഷ്പം പോലെ പറയും, സിങ്ക് സൗണ്ട് നിർദ്ദേശിച്ചതും മമ്മൂക്ക തന്നെ: ജോഫിന്‍

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ഉടൻ തിയേറ്ററുകളിലെത്തും. മിസ്റ്ററി ത്രില്ലർ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട്. ചിത്രം പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മുട്ടിയുടെ മാന്ത്രിക ശബ്ദത്തിന് ഇത്രയധികം മിഴിവേകിയതും സിങ്ക് സൗണ്ടിന്റെ സാന്നിധ്യം തന്നെയാണ്.

സംഗീതത്തിനും സൗണ്ടിനും വലിയ പ്രാധാന്യമുള്ള ചിത്രമാണ് ദി പ്രീസ്റ്റ്. പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതിന് പിന്നില്‍ സൗണ്ട് വിഭാഗം പ്രത്യേകമായ ഇടപെടല്‍ നിർവഹിച്ചിട്ടുണ്ട്. തീയേറ്ററിൽ ചിത്രം കാണുന്ന പ്രേക്ഷകരെ ഓരോ നിമിഷവും ആവേശത്തിലാഴ്ത്താന്‍ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിന് കഴിയും. പൂര്‍ണമായും കൊമേഷ്യൽ സിനിമ ആയിരുന്നിട്ടുകൂടി ചിത്രത്തിൽ സിങ്ക് സൗണ്ട് ഉപയോഗിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നാണ് സംവിധായകന്റെ അഭിപ്രായം. ആദ്യ ചിത്രത്തില്‍ സിങ്ക് സൗണ്ട് ചെയ്യുക എന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

ചിത്രം സിങ്ക് സൗണ്ടില്‍ ചെയ്താലോ എന്ന നിർദ്ദേശം ആദ്യമായി അണിയറ പ്രവർത്തകർക്ക് മുൻപിൽ വെച്ചത് മമ്മൂക്കയാണ്. ചിത്രത്തിന്റെ കഥ കേട്ടതിനു ശേഷം ആയിരുന്നു മമ്മൂക്കയുടെ ചോദ്യം. ഒരുപാട് ആളുകള്‍ ഒരുമിച്ച് വരുന്ന പല രംഗങ്ങളും ഉള്ള ചിത്രമാണ് ദി പ്രീസ്റ്റ്. അതുകൊണ്ടുതന്നെ സിങ്ക് സൗണ്ടിന്റെ സാധ്യതയെപ്പറ്റി അണിയറ പ്രവർത്തകർക്ക് ആദ്യം സംശയമുണ്ടായിരുന്നു. പിന്നീട് ചിത്രം സിങ്ക് സൗണ്ടിലാണ് ചിത്രീകരിക്കുന്നതെങ്കിൽ അതിന്റെ ക്വാളിറ്റിയിൽ വ്യത്യാസം വരുമെന്ന് മനസ്സിലായതോടെയാണ് സിങ്ക് സൗണ്ട് എന്ന ആശയത്തിനു പിന്നാലെ അണിയറപ്രവർത്തകർ ഇറങ്ങിത്തിരിച്ചത്.

ആ യാത്ര അവസാനിച്ചത് ദേശീയ പുരസ്കാര ജേതാവായ ജയദേവനിലായിരുന്നു. ഒരു കൊമേഴ്സ്യൽ സിനിമക്ക് സിങ്ക് സൗണ്ടിന്റെ ആവശ്യം ഉണ്ടോ എന്ന സംശയം ജയദേവൻ അണിയറപ്രവർത്തകരോട് ചോദിച്ചുവെങ്കിലും സംവിധായകനായ ജോഫിന്‍ ടി ചാക്കോ കഥ മുഴുവൻ പറഞ്ഞതിനു ശേഷമാണ് അദ്ദേഹം ഈ ചിത്രത്തിനുവേണ്ടി സഹകരിക്കാമെന്ന് ഉറപ്പു നൽകിയത്. ഇത്രയുംവലിയ ക്യാൻവാസിൽ ഉള്ള ചിത്രത്തിന് സിങ്ക് സൗണ്ട് ചെയ്യുക എന്ന പരീക്ഷണം അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

സിങ്ക് സൗണ്ടിന് ഒപ്പമെത്താൻ മറ്റുതാരങ്ങൾ പ്രയാസപ്പെടുബോഴും നായകനായ മമ്മൂക്ക പുഷ്പംപോലെ ഡയലോഗുകൾ പറയുമായിരുന്നുവെന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. സംഗീതസംവിധായകനായ രാഹുൽ രാജു ജയദേവനും തമ്മിലുള്ള കമ്മ്യൂണിക്കേഷന്റെ മികവാണ് രണ്ടാം പകുതിയെ കൂടുതൽ മികച്ചതാക്കുന്നത്. ചിത്രം നല്ലൊരു തീയേറ്റർ അനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറച്ചു വിശ്വസിക്കുന്നു.

മമ്മൂക്കയോടൊപ്പം ഒരു ചിത്രം ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്നമാണ്. തന്റെ ആദ്യ ചിത്രത്തല്‍ തന്നെ മമ്മൂക്കയെ നായകനാക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി തന്നെയാണ് ജോഫിന്‍ കരുതുന്നത്. മമ്മുക്കയോടൊപ്പം മഞ്ജു വാര്യരെ കൂടി ചിത്രത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും ജോഫിന്‍ എടുത്തു പറയുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ മമ്മൂക്ക അത് ചോദിക്കും അതിന് വ്യക്തമായ ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിച്ചാൽ അദ്ദേഹം പിന്നെ നിങ്ങളോടൊത്ത് പൂർണമായി സഹകരിക്കും.

മമ്മൂക്കയുമൊത്ത് പ്രവർത്തിക്കുന്നതിൽ ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും തുടക്കത്തിൽ ചെറിയ സീനുകളാണ് എടുത്തിരുന്നത് എന്നും സംവിധായകൻ പറയുന്നു. മലയാള സിനിമയിൽ ആദ്യമായിട്ടാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ ഒരുമിച്ചുള്ള ആദ്യഷോട്ട് കാണാന്‍ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. മമ്മുക്ക ഷൂട്ടിന് ജോയിൻ ചെയ്ത 15 ദിവസങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ആദ്യ രംഗം ചിത്രീകരിച്ചത്. ആ ഷോട്ടിന് കട്ട് പറഞ്ഞതും ചുറ്റും ഉണ്ടായിരുന്നവർ കയ്യടിച്ചു എന്ന് സംവിധായകന്‍ ഓർക്കുന്നു.

കൊച്ചിയിലെ സ്വകാര്യ സിനിമാ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പിജി പൂർത്തിയാക്കിയശേഷമാണ് ജോഫിന്‍ ടി ചാക്കോ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. മലയാളത്തിലെ ആദ്യത്തെ സിനിമ മാർക്കറ്റിംഗ് കമ്പനികളിലൊന്നായ മുയൽ മീഡിയ സ്ഥാപിച്ചത് ജോഫിനാണ്. സംവിധായകന്‍ ജിസ് ജോയിയുടെ സഹായിയായിട്ടാണ് ജോഫിൻ സിനിമയിൽ ആദ്യമായി വർക്ക് ചെയ്യുന്നത്.

Back to top button
error: