Lead NewsNEWS

വി എസ് രാജി വെച്ചു

രണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിഎസ് അച്ചുതാനന്ദന്‍ രാജിവെച്ചു. മാധ്യമങ്ങളോട് അദ്ദേഹം തന്നെയാണ് രാജിക്കാര്യം അറിയിച്ചത്.
ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. വിഎസ് പറഞ്ഞു.

നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും.

എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. എസ് പറഞ്ഞു.

Back to top button
error: