Lead NewsNEWSVIDEO

തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോ ?

തിരുവനന്തപുരം നിയമസഭ മണ്ഡല തിരിച്ച് പിടിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ജില്ലയിലെ സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സിപിഎം മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് ജില്ലാകമ്മിറ്റിയുടെ വാദം. ഇത് അംഗീകരിച്ചാല്‍ രാജുവിന് ഉചിതമായ സീറ്റോ സ്ഥാനമോ നല്‍കാമെന്ന നിലപാടിലാണ് സിപിഎം. ഒ. രാജഗോപാലിനോട് മത്സരിച്ച വി. ശിവന്‍കുട്ടിയെയാണ് മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്. മാത്രമല്ല നേമത്തെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുളള നീക്കവും ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം.

നേമത്ത് അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായാല്‍ ശിവന്‍കുട്ടി തിരുവനന്തപുരത്തേക്ക് മാറും. അല്ലെങ്കില്‍ യുവനേതാക്കളില്‍ ആരെയെങ്കിലും രംഗത്തിറക്കും. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പ്രധാനപ്പെട്ട ബോര്‍ഡ് – കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം നല്‍കി ആന്റണി രാജുവിനെ അനുനയിപ്പിക്കാനാണ് ശ്രമമെന്നാണ് പുറത്തുവരുന്ന വിവരം. നേമത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായാണ് വിവരം.

അതേസമയം, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം മണ്ഡലത്തിലും മുന്‍ രൂപമായ തിരുവനന്തപുരം വെസ്റ്റിലും ഇതുവരെ മത്സരിച്ചിട്ടില്ല. ആദ്യം ആര്‍ എസ് പിക്കും പിന്നീട് തുടര്‍ച്ചയായി കേരള കോണ്‍ഗ്രസിനുമായിരുന്നു സീറ്റ് നല്‍കിയിരുന്നത്. നാലുതവണ മത്സരിക്കുകയും 1996 ല്‍ വിജയിക്കുകയും ചെയ്ത ആന്റണി രാജു സ്ഥാനാര്‍ഥി ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സി പി എം സ്ഥാനാര്‍ഥി വന്നാല്‍ ഇവിടെ വിജയിക്കാനാകും എന്ന വിശ്വാസമാണ് സി പി എം ജില്ലാ നേതൃത്വത്തിന്. സംസ്ഥാന നേതൃത്വവും ഇത് ശരിവയ്ക്കുന്നു.

Back to top button
error: