Lead NewsNEWSTRENDING

മനസില്‍ നന്മ നിറച്ച് ഔര്‍ലേഡി: ഒറ്റ ദിവസം കൊണ്ട് പിരിച്ചത് ഒരു ലക്ഷം രൂപ

പാറത്തോട് കവലയ്ക്ക് സമീപം കാറിടിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷാനിമോള്‍ക്ക് വേണ്ടി ഔര്‍ലേഡി ബസിലെ ജീവനക്കാര്‍ ചികിത്സാ സഹായമായി ഒറ്റദിവസം കൊണ്ട് പിരിച്ചത് ഒരു ലക്ഷം രൂപ. വാഴൂര്‍ ചെങ്കല്ലപ്പള്ളി മഞ്ചികപ്പള്ളിയില്‍ ഡോണി സി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 5 ബസുകളാണ് ഷാനിമോള്‍ക്ക് വേണ്ടി കൈകോര്‍ത്തത്. യാത്രക്കാരും ബസിലെ ജീവനക്കാരും ഈ ഉദ്യമത്തില്‍ പങ്കാളികളായതോടെയാണ് ഇത്രയും വലിയ തുക സമാഹരിക്കാനായത്. ഡോണിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ബസുകളാണ് ഒരേ ദിവസം ഷാനിമോള്‍ക്ക് വേണ്ടി ഓടിയത്. ബസിലെ ജീവനക്കാരും അന്നേ ദിവസം സൗജന്യസേവനമാണ് നടത്തിയത്.

കാരുണ്യയാത്രയില്‍ നിന്നും സമാഹരിച്ച തുക വാഹന വകുപ്പ് സേഫ് സോണ്‍ വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ ഷാനിമോളുടെ വീട്ടുകാര്‍ക്ക് കൈമാറും. അന്നേ ദിവസം ബസില്‍ യാത്ര ചെയ്തവര്‍ക്ക് ടിക്കറ്റ് നല്‍കാതെ ഷാനിമോള്‍ക്കൊരു കൈത്താങ്ങാവാന്‍ ബക്കറ്റിലാണ് പണം പിരിച്ചത്. ഷാനിമോളുടെ കഥയറിഞ്ഞ നാട്ടുകാര്‍ തങ്ങളാല്‍ കഴിയുന്ന തുകയാണ് ബക്കറ്റില്‍ നിക്ഷേപിച്ചത്. പലരും ടിക്കറ്റ് നിരക്കിന്റെ അഞ്ചിരട്ടിയോളം സഹായമായി നല്‍കി.

എരുമേലി റൂട്ടിലോടുന്ന സെറബസും ഷാനിമോള്‍ക്ക് വേണ്ടി കാരുണ്യയാത്ര നടത്തിയിരുന്നു. ഈ ഉദ്യമത്തില്‍ പിരിഞ്ഞ 18,000 രൂപയും ചേര്‍ത്താണ് ഷാനിമോളുടെ കുടുംബത്തിന് നല്‍കുക. കോളജില്‍ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ഷാനിമോള്‍ക്ക് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിമോളേ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് ശസ്ത്രക്രീയയ്ക്ക് വിധേയയാക്കുകയാരുന്നു.

Back to top button
error: