Lead NewsNEWS

കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം ഭരണം: സി.പി രാധാകൃഷ്ണൻ

തൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും നടക്കും. സംസ്ഥാനത്തിൻ്റെ സംസ്കാരവും ആചാരങ്ങളും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

ശബരിമലയിൽ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്. നല്ല റോഡുകൾ നിർമ്മിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല. വാജ്പേയ് സർക്കാരിൻ്റെയും മോദി സർക്കാരിൻ്റെയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിൻ്റെ ഉദ്ദാഹരണമാണ്. കേന്ദ്രസർക്കാരിൻ്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാരിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിൻപും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്ക് തയ്യാറാവണം. ജി.എസ്.ടിക്ക് ശേഷം വരുമാനത്തിൽ വലിയ വർദ്ധനവാണുണ്ടായത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും സി.പി രാധാകൃഷ്ണൻ പറഞ്ഞു.

Back to top button
error: