Lead NewsNEWS

മെഡിക്കൽ കോളേജ് ഡോക്ടർമാർ സൂചന പണിമുടക്കും പ്രതിഷേധപ്രകടനവും നടത്തി, ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള അല്ലവൻസ് പരിഷ്കാരണത്തോടുകൂടെയുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ചും, എൻട്രി കേഡറിലെ ശമ്പള പരിഷ്കരണ അപാകതകൾ ഉൾപ്പടെയുള്ള ശമ്പള പരിഷ്കരണ അപാകതകൾ പരിഷകരിക്കാത്തതിലും പ്രതിഷേധിച്ചു, കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

എല്ലാ മെഡിക്കൽ കോളേജുകളിലും, രാവിലെ 8 മണി മുതൽ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും ,കെജിഎംസിടിഎ സംസ്ഥാനപ്രസിഡന്റ്‌ ഡോ ബിനോയ്‌ എസ്‌ ഉൽഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ ഭാസ്കർ ഉൽഘാടനം ചെയ്തു.ഡോ ആർ സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിൽ ബഹു : ധനമന്ത്രി, മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണ അരിയർ നൽകുന്നതിനെ കുറിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഡോക്ടർമാരുടെ ശമ്പളത്തിന്റെ മുഖ്യഭാഗം ആയ എൻ പി എ, പി സി എ അലവൻസ് പരിഷ്കരണം ശമ്പളക്കുടിശ്ശികയിൽ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇതു മൂലം, 60 ശതമാനത്തോളം ശമ്പളക്കുടിശികയാണ് നഷ്ടപ്പെടുന്നത്. ഇതു സംഘടന അംഗീകരിക്കുന്നില്ല. എൻട്രി കേഡറിൽ ഉള്ള ഡോക്ടർമാർക്കും ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ 11,000- 18,000/-രൂപ പുതിയ ശമ്പളത്തിൽ കുറവുണ്ട്. ഇതും പരിഹരിക്കണം.

എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ട് പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ് കുറ്റപ്പെടുത്തി. സംസ്ഥാനതലത്തിലും ആഗോളതലത്തിലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളേജ് ഡോക്ടർമാരൊടുള്ള വഞ്ചനപരമായ സമീപനമാണിത്. സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചു സർക്കാരിനും, ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

ഇനിയും തീരുമാനം ഉണ്ടായില്ലെങ്കിൽ സംഘടനയുടെ ഭാവി പ്രതിഷേധപരിപാടികൾ കെജിഎംസിടിഎ സംസ്ഥാനസമിതി വ്യക്തമാക്കി…

1) 2021 ജനുവരി 29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ്‌ മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വി ഐ പി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും.

2) 2021 ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം ( 12 മണിക്കൂർ വീതം ) നടത്തുവാൻ തീരുമാനിച്ചു.

3) 2021 ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തുവാൻ തീരുമാനിച്ചു .

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.

Back to top button
error: