Lead NewsNEWS

ജോസഫിന് 15 സീറ്റ് വേണം; യുഡിഎഫില്‍ സീറ്റ് വിഭജനം പ്രതിസന്ധിയില്‍

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഞെട്ടലിലാണ്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടു പോയതിന്റെ ആനുകൂല്യം ഇനി കിട്ടില്ലെന്ന തിരിച്ചറിവാണ് ഈ ഞെട്ടലിന് പിന്നില്‍. അതിന് കാരണം പിജെ ജോസഫിന്റെ കടുംപിടുത്തമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫും കെ എം മാണിയും ഒരു കേരളാ കോണ്‍ഗ്രസിലായിരുന്നു. അന്ന് നാലു സീറ്റില്‍ മാത്രമായിരുന്നു പിജെ ജോസഫ് വിഭാഗം മത്സരിച്ചത്. ഇപ്പോഴിതാ 15 സീറ്റ് ചോദിച്ചിരിക്കുകയാണ് പിജെ ജോസഫ് . ഇതോടെ കോട്ടയത്തെ മിക്ക സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസന്ധിയിലായി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 15 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ് പറയുന്നു. വ്യാഴാഴ്ച യു.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടും. സീറ്റുകള്‍ മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറില്ല. സീറ്റ് ചര്‍ച്ചയില്‍ മോന്‍സും ജോയ് എബ്രഹാമും തനിക്കൊപ്പം പങ്കെടുക്കും. മകന്‍ അപു ജോണ്‍ ജോസഫ് ഇത്തവണ മത്സരിക്കില്ല-ഇങ്ങനെ പോകുന്നു നിലപാട് പ്രഖ്യാപനം.

എന്നാല്‍ എട്ടു സീറ്റില്‍ കൂടതല്‍ കോണ്‍ഗ്രസ് കൊടുക്കില്ല. കേരളാ കോണ്‍ഗ്രസിന്റെ ഈ അവകാശ വാദം യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആര്‍ എസ് പിയും കേരളാ കോണ്‍ഗ്രസ് ജേക്കബും കൂടുതല്‍ സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും എന്നാല്‍ കൂടുതല്‍ പ്രതിസന്ധിയാകുന്നത് ജോസഫിന്റെ നിലപാട് തന്നെയാണ്.

അതേസമയം, കൂടുതല്‍ സീറ്റ് ചോദിച്ച് മുസ്ലീം ലീഗുമുണ്ടെങ്കിലും ഈ നീക്കത്തോട് കടുത്ത വിയോജിപ്പ് തന്നെയാണ് കോണ്‍ഗ്രസിന്.കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച ലീഗ് ഇത്തവണ 30 സീറ്റ് ആവശ്യപ്പെട്ടുവെന്നും ഇത് കോണ്‍ഗ്രസിന് സമ്മതമല്ല എന്നുമാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ മുസ്ലീം ലീഗ് സീറ്റ് ചോദിക്കുന്നതില്‍ വസ്തുതയുണ്ട്. കാരണം
തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിത്തറ തകരാതെ കാക്കാന്‍ കഴിഞ്ഞ ബലത്തിലാണ് മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റേത് ന്യായീകരിക്കാനാവാത്ത ആവശ്യമാണ് ഇത് അംഗീകരിക്കില്ല.

ജോസ് കെ. മാണിയും എല്‍.ജെ.ഡിയും മുന്നണി വിട്ടത് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗിന് പ്രേരണയായിട്ടുണ്ട്. ലീഗിനെ എങ്ങനേയും അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യത്തിലുള്ള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയെന്നാണ് സൂചന. ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ പിടിവാശി.

തൊടുപുഴയില്‍ ജോസഫും കോതമംഗലത്ത് ഫ്രാന്‍സിസ് ജോര്‍ജും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയില്‍ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം. ചങ്ങനാശേരി കിട്ടിയാല്‍ സാജന്‍ ഫ്രാന്‍സിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കോണ്‍ഗ്രസ് നല്‍കാനിടയില്ല. അങ്ങനെ വന്നാല്‍ ജോണി നെല്ലൂര്‍, വിക്ടര്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പന്‍ എന്നിവര്‍ക്കെല്ലാം നിരാശയാകും ഫലം. ഇതാണ് ജോസഫിനെ പ്രതിസന്ധിയിലാക്കുന്നത്.

പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ യും മുന്‍ എം പി കെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും നേതൃത്വത്തില്‍ അധികാര വടംവലി രൂക്ഷമാണ്. ഈ തര്‍ക്കത്തില്‍ ജോസഫും തീര്‍ത്തും നിരാശനാണെന്നാണ് ലഭിക്കുന്ന സൂചന. എല്ലാവര്‍ക്കും എംഎല്‍എയായി മത്സരിക്കാന്‍ സീറ്റ് വേണമെന്നതാണ് പ്രശ്‌നം. ഇതാണ് യുഡിഎഫിലേയും പ്രതിസന്ധിക്ക് കാരണം.

Back to top button
error: