Lead NewsNEWS

കെ.സുരേന്ദ്രന്റെ മക്കൾക്കെതിരെ മോശം പരാമർശം നടത്തിയിട്ടില്ല: പ്രതിയെന്ന് ആരോപിക്കുന്ന അജിനാസിന് പറയാനുള്ളത് ഇങ്ങനെ

ബാലിക ദിനത്തില്‍ എന്റെ മകൾ എന്റെ അഭിമാനം എന്ന അടിക്കുറിപ്പോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ താഴെ കമന്റായി അജിനാസ് എന്നയാളിന്റെ അക്കൗണ്ടിൽ നിന്നും ഒരു മോശം പ്രതികരണം എത്തിയത് വലിയ ചർച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവികളായ പ്രവർത്തകർ അജ്നാസിന്റെ കമന്റിന് ശക്തമായി മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി’ പ്രവർത്തകർ മാർച്ച് നടത്തുകയും അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നൽകുകയും ചെയ്തു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്സ്ബുക്ക് പേജിലും അജിനാസിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കമന്റ് പ്രവാഹങ്ങൾ നടത്തുന്നുണ്ട്. ബിജെപി പ്രസിഡണ്ടിന്റെ മക്കൾക്കെതിരെ മോശം പരാമർശം നടത്തിയ അജി നാസിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും രാജ്യത്തു നിന്ന് തിരികെ വിടണമെന്നുമാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.

എന്നാൽ പ്രസ്തുത സംഭവത്തിൽ വിഷയത്തില്‍ വിശദീകരണവുമായി പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അജിനാസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിൽ നിന്നാണ് കമന്റ് നൽകിയിട്ടുള്ളതെന്നാണ് അജിനാസിന്റെ വിശദീകരണം. ഇക്കാര്യം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അജിനാസ് പറഞ്ഞു. സംഭവത്തില്‍ തന്റെ പിതാവ് മാപ്പ് പറഞ്ഞു എന്ന വാർത്ത തെറ്റാണെന്നും അജിനാസ് ചൂണ്ടിക്കാട്ടി. പരാതിയുമായി ബന്ധപ്പെട്ട് ഖത്തർ പോലീസിനും സൈബർ പോലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്നും അജിനാസ് സൂചിപ്പിച്ചു.

ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അജിനാസ് തന്റെ ഭാഗം വ്യക്തമാക്കിയത്. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ നേതാവിന്റെയും പ്രൊഫൈലുകളില്‍ ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തന്റെ വ്യാജ വിലാസത്തിൽ ഉണ്ടാക്കിയ പ്രൊഫൈലിൽ നിന്നാണ് കെ സുരേന്ദ്രന്റെ മകളെക്കുറിച്ച് മോശം കമന്റ് എഴുതിയതെന്നുമാണ് അജിനാസിന്റെ പക്ഷം.

എന്നാൽ കെ.സുരേന്ദ്രനെയും മകളെയും മോശമായി ചിത്രീകരിച്ച് കമന്റ് ഇട്ട ആൾക്കെതിരെയുള്ള നടപടിക്രമങ്ങൾ ഖത്തറിലെ ഇന്ത്യൻ എംബസി തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി കെ സജീവിന്റെ പരാതിയിലാണ് മേപ്പയൂർ പോലീസ് അജിനാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അജിനാസിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു സന്ദീപ് വാര്യരുടെ മറുപടി

Back to top button
error: