LIFETRENDING

ഭാര്യ ഒളിച്ചോടി, പ്രതികാരമായി മൈന കൊന്നത് 18 സ്ത്രീകളെ

ഹൈദരാബാദിൽ കൊടും കുറ്റവാളിയായ സീരിയൽ കില്ലറിനെ പോലീസ് പിടികൂടി. മൈന രാമുലു കാൽ നൂറ്റാണ്ടിനിടെ കൊന്നത് 18 സ്ത്രീകളെ. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെയാണ് മൈന പ്രതികാരദാഹിയായത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തുക എന്നതാണ് ശീലം.

കള്ളുഷാപ്പിന് സമീപത്തുകൂടി പോകുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിടുക. സ്ത്രീകളെ വശീകരിച്ച് ആളില്ലാത്ത സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. ലൈംഗികബന്ധത്തിന് പകരം പണം നൽകാമെന്നും പറയും. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചിരുന്ന് മദ്യപിക്കും. പിന്നാലെ മൈന സ്ത്രീകളെ കൊല്ലും. ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷമാണ് മൈന രക്ഷപ്പെടുക.

ഇപ്പോൾ അറസ്റ്റിലായ കേസ് 2020 ഡിസംബറിൽ നടത്തിയ രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്. ഡിസംബർ 10ന് 35 കാരിയെയും ഡിസംബർ 30ന് കാവാല വെങ്കിട്ടമ്മ എന്ന സ്ത്രീയെയും ആണ് ഇയാൾ കൊന്നത്.

ജനുവരി 1ന് വെങ്കിട്ടമ്മയുടെ ഭർത്താവ് പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനിടെ ഇവരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് ജനുവരി നാലിന് കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചു. യുസുഫ്ഗുഡയിലെ കള്ളുഷാപ്പ് പരിസരത്തുനിന്ന് മൈനയും വെങ്കിട്ടമ്മയും ഓട്ടോയിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

വിജനമായ സ്ഥലത്ത് വച്ച് ഇരുവരും മദ്യപിച്ചു. പൂസായപ്പോൾ വലിയ പാറക്കല്ല് കൊണ്ട് വെങ്കിട്ടമ്മയെ തലയ്ക്കടിച്ചു കൊന്നു. മരണം ഉറപ്പാക്കിയ ശേഷം വെങ്കിട്ടമ്മയുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് അവരുടെ മുഖത്ത് ഇട്ട് കത്തിച്ചു. ആഭരണങ്ങൾ കവർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

2009ൽ മറ്റൊരു കേസിൽ മൈന പിടിയിലായിരുന്നു. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ 2011 ഡിസംബർ 12ന് മൈന തടവുചാടി. ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയവെയാണ് മൈന തടവ് ചാടിയത് . ഇയാൾക്കൊപ്പം അഞ്ചു തടവുകാരും രക്ഷപ്പെട്ടു.

2013 ൽ വീണ്ടും പിടിയിലായി. അഞ്ചു വർഷം ജയിലിൽ കിടന്നു. 2018ൽ ഇയാൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. പിന്നീട് മൈനയെ പൊലീസിന് കണ്ടെത്താനായില്ല. ഇതിന് ശേഷമാണ് രണ്ടു സ്ത്രീകളെ കൂടി കൊന്നത്.

സംഘറെഡ്‌ഡി ആണ് മൈനയുടെ സ്വദേശം.21 ആം വയസിൽ ആയിരുന്നു മൈനയുടെ വിവാഹം. എന്നാൽ ഭാര്യ ഒളിച്ചോടി. അങ്ങിനെയാണ് മൈനയ്ക്ക് സ്ത്രീകളിൽ പ്രതികാരം ഉണ്ടായത്.

Back to top button
error: