LIFETRENDING

കള്ളുകുടി നിർത്തി മൂന്നാം മാസം ആദ്യ സിനിമയുടെ പണി തുടങ്ങി,”ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ” സംവിധായകൻ ഉണ്ടായ കഥ -ജോസ്മോൻ വഴയിൽ

ഒരു സംവിധായകൻ ജനിച്ച കഥ

തോൽക്കാൻ മനസില്ലാത്തതുകൊണ്ട്‌ മാത്രം ജയിച്ച്‌ സിനിമയുടെ ലോകത്ത്‌ എത്തിപ്പെട്ടവർ ആണ്‌ പല സിനിമാ സംവിധായകർ മുതൽ പലരും. അവരുടെ ഉള്ളിൽ ഉള്ള സിനിമയെന്ന കെടാത്ത കനലുകളെ ഊതികത്തിച്ച്‌ പിന്നീട്‌ പുകഞ്ഞു കത്തി ആളിപ്പടർന്നവയാണ്‌ പലരുടെയും കഥകൾ. അതിനിടയിൽ അവർ കടന്നുപോയ വേദനയുടെ, തള്ളിപ്പറയലുകളുടെ, ഒഴിവാക്കലുകളൂടെ, പുശ്ചിക്കലുകളുടെ ഒക്കെയും പുകമറയെ നോക്കി, സിനിമയെന്ന ആഗ്രഹം ചാമ്പലായ ചാരമാണെന്ന്‌ കരുതാതെ, പുകയുയരുന്നതിനർത്ഥം ഇനിയുമതിൽ കനലുകൾ ഉണ്ടാവുമെന്നത്‌ തന്നെയാവുമെന്ന്‌ കരുതി പിന്നേയും പിന്നേയും ഊതിപുകച്ച്‌ ചാരത്തിൽ നിന്നും തീനാളമുയരുമെന്ന ശുഭാപ്തി വിശ്വാസത്തിൽ മുന്നോട്ട്‌ പോയവർ ആവും വിജയം കണ്ടവരിൽ പലരും.

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്കടുത്ത്‌ തലനാട് എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മനുഷ്യൻ സിനിമാകൊതിയുമായി ജീവിച്ചിരുന്നു. സ്കൂളിൽ എപ്പോഴോ തുടങ്ങിയ സിനിമാ മോഹം കോളേജിലും തന്നെ വിടാതെ പിന്തുടർന്നു. പക്ഷെ 98ൽ അയാൾ പത്താം ക്ളാസ്സ്‌ പാസാകുമ്പോൾ, സിനിമയെന്ന ലോകം വളരെ വിദൂരതയിൽ മാത്രമായിരുന്നതിനാൽ, പിന്നീട്‌ അരുവിത്തുറ സെന്റ്‌ ജോർജിലെ കോളേജ്‌ കാലഘട്ടത്തിലും, സിനിമ രാത്രി-പകലെന്ന വ്യത്യാസമില്ലാതെ കാണുന്ന, ഒരിക്കലും നടക്കാൻ ചാൻസില്ലാത്ത സ്വപ്നമായി കൊണ്ടുനടന്നു അയാൾ.

ആകെയുള്ള സിനിമാ ബന്ധം ഈരാറ്റുപേട്ട മെട്രോ, സൂര്യ തിയറ്ററുകളിൽ കാണുന്ന സിനിമകളും പിന്നെ സിനിമയെക്കുറിച്ചുള്ള നിരന്തരമായ വായനകളും മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്ത്‌ ആണ്‌ അറിയുന്നത്‌ ത്രിശൂർ വച്ച്‌ ആദ്യത്തെ ക്യാമ്പസ്‌ ഫിലിം ഫെസ്റ്റിവൽ നടക്കുന്നു എന്നത്‌. അതിൽ പങ്കെടുക്കണമെങ്കിൽ ഒരു ഷോർട്ട്‌ ഫിലിം പിടിക്കണം.

അങ്ങനെ കക്ഷി തന്റെ ആദ്യഷോർട്ട്‌ ഫിലിം ഉണ്ടാക്കാൻ തീരുമാനിച്ചു. സിനിമയെടുക്കുക എന്നതിനെക്കുറിച്ച്‌ ഒരു ധാരണയുമില്ലാതെ ഒരു ഷോർട്ട്‌ ഫിലിം എടുക്കുന്നു. എല്ലാം കഴിഞ്ഞ്‌ സ്വയം ഒന്ന്‌ കണ്ട്‌ നോക്കിയപ്പോൾ ആണ്‌ മനസിലായത്‌, ഉണ്ടാക്കിയ പടം തീരെ മോശമാണെന്നുള്ള കാര്യം. എന്നിരുന്നാലും ത്രിശൂർ വരെ കോളേജിൻ്റെ ചിലവിൽ പോകാനുള്ള അവസരം കിട്ടിയതല്ലെ, ചുമ്മാ പോയി വരാം എന്ന ചിന്തയിൽ വിട്ടു ത്രിശൂർക്ക്‌.

അവിടെ ചെന്ന്‌, മറ്റ്‌ പല കോളേജുകളുടേയും പടങ്ങൾ കണ്ടപ്പോൾ മനസിലായി, എല്ലാം ഒന്നിനൊന്ന്‌ മോശം തന്നെ. പിന്നേയും ബെറ്റർ ആയിട്ടുള്ളത്‌ സ്വന്തം സിനിമ തന്നെയെന്ന്‌. അന്നത്തെ തൻ്റെ സിനിമയെക്കുറിച്ച്‌ ഒരു മലയാളം വാരികയിൽ പരാമർശിക്കപ്പെട്ടപ്പോൾ മനസിലായി, തൻ്റെ പടം അത്രം മോശം ആയിരുന്നില്ല എന്ന്‌. അവിടെ വച്ച്‌, അന്ന് 12ആം ക്ളാസിൽ പഠിക്കുന്ന, തന്നെപ്പോലെ തന്നെ ചെറിയ സിനിമയൊക്കെ പിടിച്ച്‌ വന്ന, “വർത്തമാന“കാലത്തെ ഒരു അറിയപ്പെടുന്ന നടനും സംവിധായകനുമൊക്കെ ആയ ഒരു കൂട്ടുകാരനെ കിട്ടുന്നു. അദ്ദേഹത്തിന്റെ അച്ചൻ അന്ന്‌ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പ്രൊഫസർ ആണ്‌. ആ സുഹൃദ്ബന്ധം ഇന്നും കട്ടക്ക് ഉണ്ട്…!

പിറ്റേ വർഷവും അദ്ദേഹം സിനിമയുണ്ടാക്കി. അത്‌ പല അവാർഡുകളും അന്ന്‌ കരസ്ഥമാക്കി വളരെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ ഡിഗ്രിക്ക്‌ രണ്ട്‌ സബ്ജക്റ്റിനു‌ പൊട്ടി. അത്‌ എഴുതിയെടുക്കാൻ പോയി രണ്ട്‌ വർഷം. ഈ കാലഘട്ടത്തിൽ റിലയൻസിൽ ഒരു ചെറിയ ജോലി ഒക്കെ ചെയ്ത്‌ കിട്ടിയ കാശുമായി ഇദ്ദേഹം ചെന്നൈക്ക്‌ വണ്ടി കയറി, അവിടെയുള്ള ഒരു സുഹൃത്തിൻ്റെ സഹായത്തോടെ ഒരു ഷോർട്ട്‌ ഫിലിം പിടിച്ചു. ഇങ്ങനെ ഇടക്കിടക്ക്‌ കിട്ടുന്ന പൈസക്ക്‌ ഷോർട്ട്‌ ഫിലിം ഉണ്ടാക്കിയിരുന്നു എങ്കിലും ഒന്നും സ്വയം പോലും സാറ്റിസ്ഫൈഡ്‌ ആവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പലരും അയാളുടെ ഷോർട്ട്‌ ഫിലിമുകളെ സംപ്രേഷണയോഗ്യമല്ല എന്ന്‌ പറഞ്ഞ്‌ നിരുത്സാഹപ്പെടുത്തി പറഞ്ഞയക്കുക പോലും ചെയ്തു. എങ്കിലും അയാൾ പിന്മാറിയില്ല.

തുടർന്ന്‌ ചങ്ങനാശേരി സെന്റ്‌ ജോസഫ്‌ കോളേജിൽ എം. എ. സിനിമ & ടെലിവിഷൻ പഠനത്തിന്‌ ചേർന്നു. അവിടെ നല്ല ഉയർന്ന മാർക്കോടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി, സിനിമക്കൊപ്പം ഉള്ള സംഗീതപ്രേമവും അയാളെ കൂടുതൽ മുൻനിരയിലേക്ക്‌ എത്തിച്ചു. കുറച്ചൊക്കെ താൻ ആഗ്രഹിച്ച രീതിയിൽ സിനിമയെടുക്കാൻ അയാൾക്കാവുന്നു എന്ന അവസ്ഥയിലേക്ക്‌ എത്തിച്ചേർന്നു. എന്നാൽ ഇടക്ക്‌ വച്ച്‌ സ്വവർഗ്ഗാനുരാഗികളെക്കുറിച്ച്‌ ഒരു ഷോർട്ട്‌ ഫിലിം ചെയ്തതിന്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. കാരണം അവരുടെ “സീക്രട്ട് മൈൻഡ്സ്“. പെന്നീട് പ്രസ്തുത ഷോർട്ട് ഫിലിം ഹുസ്റ്റണിൽ വരെ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.

അങ്ങനെ പുറത്താക്കപ്പെട്ട സമയത്തും കട്ടക്ക്‌ കൂടെ നിന്ന ഒരാൾ ഉണ്ടായിരുന്നു. പഴയ പഞ്ചായത്ത്‌ സെക്രട്ടറി‌ ആയിരുന്ന ബേബിസർ എന്നറിയപ്പെടുന്ന സ്വന്തം അപ്പൻ. “നീ സിനിമ ചെയ്ത്‌ കാണിച്ചുകൊടൂക്കണം.. നീ തോറ്റ്‌ പിന്മാറരുത്‌..!” എന്ന അപ്പൻ്റെ ഉറച്ച ശബ്ദം അയാളെ കൂടുതൽ ശക്തനാക്കി.

എന്നിരുന്നാലും, കൂടി വരുന്ന പ്രായത്തിൻ്റെ പക്വതയിൽ, വീട്ടിൽ നിന്നും പൈസയൊന്നും വാങ്ങാൻ മനസ്‌ വരാതെ അദ്ദേഹം പരസ്യങ്ങൾക്ക്‌ മ്യൂസിക്‌ ചെയ്യാൻ കിട്ടിയ ഒരു അവസരം, ഒരു വഴിയായി കണ്ട്‌ മുന്നോട്ട്‌ നീങ്ങി. കുറെ പരസ്യങ്ങൾക്ക്‌ പാട്ടും സംഗീതവും ഒക്കെ നൽകി. എന്നാൽ പോലും ഉള്ളിൽ കെടാതെ കിടന്നിരുന്ന സിനിമ മോഹം ഇടക്കൊക്കെ നീറിപുകഞ്ഞു. വീട്ടിൽ അപ്പൻ ചീത്ത പറഞ്ഞു. “സിനിമ ചെയേണ്ടവൻ പരസ്യത്തിൻ്റെ പാട്ടും പിടിച്ചു നടക്കുന്നത്‌ എന്തിന്‌..?” എന്നതായിരുന്നു അപ്പൻ്റെ ലൈൻ. അമ്മയാണെങ്കിൽ ചിലപ്പോൾ അപ്പനൊപ്പം ചീത്ത പറയുകയും, ചിലപ്പോൾ അയാൾക്കൊപ്പം ആശ്വസിപ്പിക്കുകയും ചെയ്തു. പെങ്ങൾ, ‘ചേട്ടായി എന്ന്‌ ഇനി സിനിമയുണ്ടാക്കാനാ?‘ എന്ന്‌ പറഞ്ഞ്‌ സ്നേഹത്തോടെ കളിയാക്കി.

2010 ആയപ്പോഴേക്കും അദ്ദേഹത്തിൻ്റെ സുഹൃത്ത്‌ ഒരു ചെറിയ നടൻ ഒക്കെ അയി മാറിയിരുന്നു. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന ഷോയിലെ വിജയി ആയ പ്രസ്തുത സുഹൃത്തിന് വേണ്ടി ആ ഷോയിൽ മ്യൂസിക്ക് ഒക്കെ ചെയ്ത് തുടങ്ങി… പിന്നീട് അദ്ദേഹത്തിന്റെ കെയറോഫിൽ മഴവിൽ മനോരമയിലെ ഒരു ഹിറ്റ്‌ ഷോയുടെ എഴുത്തുകാരനായി മാറി. ഇതിൽ അങ്ങനെ എടുത്ത്‌ പറയാൻ മാത്രം “മറിമായം” ഒന്നുമില്ലെങ്കിലും ഷോ വിജയിച്ചിതിന്റെ പശ്ചാതലത്തിൽ മഴവിൽ മനോരമ തന്നെ‌ നിർമ്മിച്ച ഒരു ഫിലിമിന്റെ സഹസംവിധായകൻ ആവാൻ അവസരം ലഭിക്കുന്നു. അതായിരുന്നു അയാളുടെ ആദ്യസിനിമപ്രവർത്തനം.

തുടർന്ന്‌ അദ്ദേഹം ഒന്ന്‌ രണ്ട്‌ പടങ്ങൾക്ക്‌ സഹസംവിധായകൻ്റെ ചട്ടയണിഞ്ഞ്‌, മറ്റുള്ളവരോട്‌, തനിക്ക്‌ സിനിമമോഹം ഉപേക്ഷിക്കേണ്ടി വന്നാൽ “നി.കൊ.ഞാ.ചാ.” എന്ന്‌ പറയാതെ പറഞ്ഞു. അന്ന്‌ 2010 ൽ അദ്ദേഹത്തിൻ്റെ കൈയിലുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ സ്വന്തം സ്ക്രിപ്റ്റുമായി അദ്ദേഹം “കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌” അലഞ്ഞ്‌ മലയാള സിനിമയിലെ പല പ്രമുഖ നടന്മാരുടെയും, നിർമ്മാതാക്കളുടെയും മുന്നിൽ കഥ പറഞ്ഞു. തനിക്ക്‌ അനുഭവസമ്പത്ത്‌ ഇല്ല എന്ന്‌ പറഞ്ഞ്‌ എല്ലാവരും തിരിച്ചയച്ചു. നിരാശയുള്ളിൽ അലയടിച്ചു എങ്കിലും, തോൽക്കാൻ മനസ്‌ വരാതെ അയാൾ സ്വന്തം ഗ്രാമത്തിലേക്ക്‌ തിരിച്ചു.

അവിടെ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ സിനിമാമോഹങ്ങൾക്ക്‌ പുതിയ ചിറക്‌ പിടിപ്പിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ കൂട്ടുകാരുടെ സഹായത്തോടെ സ്വന്തം ചിലവിൽ സ്വന്തമായി ഒരു സിനിമ എടുക്കാൻ തീരുമാനിക്കുകയായി. “രണ്ട്‌ പെൺകുട്ടികൾ”ക്ക്‌ പ്രാധാന്യം നല്കിയ ഒരു സിനിമ അങ്ങനെ പിറന്നു. തൻ്റെ തന്നെ വീടും പരിസരവും അതിൻ്റെ ലൊകേഷനുമായി.

സിനിമ പിടിച്ചു എങ്കിലും അത്‌ എന്ത്‌ ചെയ്യണമെന്ന്‌ അറിയതെ അദ്ദേഹം അത്‌ പല അവാർഡുകൾക്കുമായി അയച്ചു. അങ്ങനെ ആ സിനിമയിലെ ബാലനടിക്ക്‌ ആ വർഷത്തെ സ്റ്റേറ്റ്‌ അവാർഡ്‌ വരെ ലഭിച്ചു. അങ്ങനെയിരിക്കെ ഒരുനാൾ അദ്ദേഹത്തിന്‌ ഒരു മെയിൽ വരുന്നു. അദ്ദേഹത്തിൻ്റെ സ്വന്തം ആദ്യ സിനിമ ബുസാൻ ഇന്റെർനാഷ്ണൽ കിഡ്സ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌ സെലക്റ്റ്‌ ആയി എന്നും പറഞ്ഞ്‌. അങ്ങനെ അദ്ദേഹം തൻ്റെ ആദ്യസിനിമയുമായി ആദ്യവിദേശയാത്രയും, ആദ്യവിമാനയത്രയും നടത്തുന്നു. അത്‌ കൂടാതെ പല ഇന്റർനാഷ്ണൽ അംഗീകാരങ്ങളും ആദ്യസിനിമയെ തേടി വന്നു. പിന്നീട്‌ ഈറോസ്‌ ഇന്റെർനഷ്ണൽ ഈ സിനിമ വാങ്ങുകയും, ആ ഫിലിമിൽ ചെറിയൊരു ആഡ്‌ ഓൺ ഉണ്ടാവണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു.

തുടർന്ന്‌… 2015 ൽ അന്ന്‌ അത്ര മാർക്കറ്റ് വാല്യൂ‌ ഇല്ലാതിരുന്ന ഒരു നടനേയും മറ്റൊരു പ്രമുഖ നടിയേയും വച്ച്‌ ആ ചെറിയ ആഡ്‌ ഓൺ പാർട്ട്‌ കൂടി കൂട്ടിച്ചേർത്ത്‌ ആ സിനിമ 2016 ജനുവരിയിൽ തിയറ്ററുകളിൽ എത്തുന്നു. 2010 മുതൽ കൈയിൽ കൊണ്ടു നടക്കുന്ന സ്വന്തം തിരക്കഥ ആഡ്‌ ഓൺ പാർട്ട് ചെയ്ത ഈ നടനോട്‌ പറയുകയും അദ്ദേഹം അത്‌ ചെയ്യാമെന്ന്‌ സമ്മതിക്കുകയും ചെയ്യുന്നു. പക്ഷെ ആപ്പോഴും പ്രശ്നം, ആ നടനും ഈ പുതുസംവിധായകനും അന്ന്‌ മാർക്കറ്റ്‌ വാല്യൂ ഇല്ലാ എന്ന കാരണത്താൽ തന്നെ പിന്നേയും ആ തിരക്കഥ തൻ്റെ ബാഗിൽ തന്നെ തിരിച്ച്‌ വയ്ക്കേണ്ടി വന്നു.

ആദ്യസിനിമയിൽ നിന്നും കിട്ടിയ ലാഭം കൊണ്ടൂം, ധൈര്യം കൊണ്ടൂം അദ്ദേഹം തൻ്റെ രണ്ടാമത്തെ ചിത്രം 2016 ൽ നിർമ്മിക്കുന്നു. പൂർണ്ണമായും നികോൺ ഡി5 ക്യാമറയിൽ പകർത്തിയ ഈ സിനിമയിലെ ബാലനടന്‌ അഭിനയത്തിൻ്റെ “കുഞ്ഞുദൈവ”മായികണ്ട്‌ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്‌ വരെ ലഭിച്ചു. കൂടാതെ പല ഇന്റെർനാഷ്ണൽ അംഗീകാരങ്ങളും ഈ സിനിമ കരസ്ഥമാക്കി.

പിന്നേയും നാലു വർഷങ്ങൾക്ക്‌ ശേഷം അന്ന്‌ പറഞ്ഞ്‌ വച്ച നടനേയും കൂട്ടി അദ്ദേഹം തന്റെ സ്വന്തം കൈപ്പടയിൽ 10-12 വർഷങ്ങൾക്ക്‌ മുൻപ്‌ രചിച്ച തിരക്കഥ സിനിമയാക്കുന്നു. അപ്പോഴേക്കും അദ്ദേഹത്തിനും ആ നായകനും മാർക്കറ്റ്‌ വാല്യൂവും പരിചയസമ്പത്തും വന്നുകഴിഞ്ഞിരുന്നു. അങ്ങനെ അയാളുടെ തിരക്കഥയുടെ “കിലോമീറ്റേഴ്‌ & കിലോമീറ്റേഴ്‌” ആയുള്ള യാത്ര സിനിമയായിറങ്ങി, തിയറ്ററിലെ വെള്ളിവെളിച്ചത്തിലൂടെ അല്ലാ എങ്കിലും, നല്ല രീതിയിൽ വിജയം കാണുകയും ചെയ്യ്തു.

അദേഹം യാത്ര തുടരുകയാണ്‌… പതറിവീണപ്പോഴും, വഴിതെറ്റി സഞ്ചരിച്ചപ്പോഴും അയാളുടെ ഉള്ളിലെ കനൽ അണയാൻ അയാൾ അനുവധിച്ചില്ല. ഒരുപക്ഷെ അപ്പൻ്റെ വാക്കുകളും, അമ്മയുടെ സ്നേഹവും, അനിയത്തിയുടെ സ്നേഹത്തിൽ കലർന്ന കളിയാക്കലും, കൂടാതെ ഇടക്ക്‌ ജീവിതത്തിലേക്ക്‌ സ്നേഹമായി കടന്നു വന്ന നല്ലപാതിയുടെ സപ്പോർട്ടും അദ്ദേഹത്തിന്‌ മാനസികസപ്പോർട്ട്‌ കൊടുത്തതിൻ്റെ ബാക്കിപാത്രവുമാവാമത്‌. പിന്നെ കട്ടക്ക് നിൽക്കുന്ന കൂട്ടുകാരും.

പിന്നെ ഇപ്പോൾ നാലാമത്തെ സിനിമ, അത് തൻ്റെ അനുഭവത്തിൽ നിന്നും മനസിലാക്കിയതും, ഭാര്യ, അമ്മ, അനിയത്തി, സ്ത്രീ സുഹൃത്തുക്കൾ ഒക്കെ പറഞ്ഞറിഞ്ഞതുമായ അടുക്കളയനുഭവങ്ങളെ വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും പഠിച്ച് അതിനെ സിനിമയാക്കിയത്, ഇന്ന് നമ്മുടെയൊക്കെ “മഹത്തായ ഭാരതീയ അടുക്കള“യിൽ നിന്നും സ്ത്രീജനങ്ങൾ ഒന്നിച്ച് വന്ന് തൻ്റെ വീടിൻ്റെ ഉമ്മറത്തെ ടിവിയിലോ, അല്ലെങ്കിൽ സ്വന്തം മൊബൈലിലോ കണ്ട് കൈയടിക്കുന്നു. ഇടക്കെപ്പെഴോ, “എടിയേ, ഇത്തിരി വെള്ളം..“ എന്ന് മൊബൈലിൽ എന്തോ ഫോർവേർഡഡ് വീഡിയോയും കണ്ട് കിടന്നു കൊണ്ടലറിയ ഭർത്താവിനോട്, “വേണേൽ എടുത്ത് കുടിക്ക് മനുഷ്യാ…!!“ തിരിച്ചലറാനും, സമത്വമെന്നതിൻ്റെ അർത്ഥം മനസിലാക്കിച്ചുകൊടുക്കാനും തീരുമാനമെടുക്കുന്നു. ഇവിടെ വിജയിച്ചത് സംവിധായകൻ കൂടി ആണ്…!!!

ഇന്ന് വിരാജ്മാൻ ആയിട്ടുള്ള പല സിനിമാപ്രവർത്തകരുടെയും വിജയകഥകൾ ഇങ്ങനെയൊക്കെ തന്നെയാണെന്നതിൽ സംശയമൊന്നുമില്ലാ. എന്നിരുന്നാലും, നമുക്ക് മുന്നിൽ ഇന്ന് ശോഭിച്ചു നിൽക്കുന്ന ഇദ്ദേഹം, പുതു-സിനിമാ മേഖലാപ്രേമികൾക്ക് മുന്നിൽ ഉള്ള ഏറ്റവും ബെസ്റ്റ് ടെസ്റ്റിമോണിയൽ ആണെന്നുള്ളതാണ് ഈ എഴുത്തിനു പിന്നിലെ ചേതോവികാരം. മലയാളസിനിമയുടെ പല മേഖലകളിലായി ഇങ്ങനെ ഒരുപാട്‌ കലാകാരന്മാർ ഉണ്ട്‌, സിനിമയെന്ന തീയെ കെടാതെ കാത്തുസൂക്ഷിച്ച്‌ ഊതിയൂതി തൻ്റെ നാളുമൊരുനാൾ വരുമെന്ന്‌ കാത്തിരിക്കുന്നവർ. അവർക്ക്‌ പ്രചോദനമാവട്ടെ ഇദ്ദേഹത്തിൻ്റെ ഈ കഥ.

ഈ കഥ പറഞ്ഞ്‌ മുഴുമിപ്പിക്കും മുൻപ്‌ അദ്ദേഹം ഒരു കാര്യം കൂടി പങ്ക്‌ വച്ചു. ഒന്നും എങ്ങുമാവാതെ ഇരുന്ന കാലത്ത്‌ എപ്പോഴോ കള്ളുകുടി ഒരു കൂട്ടായി കൂടെകൂടി… പിരിയാനാവത്ത വിധം കൂടെ…! പിന്നീട്‌ പിന്നീട്‌ മനസിലായി, ആ കള്ളുകുടി തന്നെയാണ്‌ തൻ്റെ സിനിമാമോഹത്തിനെ പലപ്പോഴും പുറകോട്ട്‌ വലിക്കുന്നത്‌ എന്ന്‌. അങ്ങനെ അവസാനം അദ്ദേഹം കള്ള്കുടി നിറുത്തി മൂന്നാം മാസം ആദ്യസിനിമയുടെ പണി തുടങ്ങി….!! ഇതുമിന്നത്തെ തലമുറക്കൊരു ടെസ്റ്റിമോണിയൽ തന്നെയാണ്‌..!!

വീട്ടിലെ കഥയും മ്യൂസിക്കും പകർന്നു തരുന്ന സന്തോഷങ്ങൾക്കിടയിലിതാ ഇന്ന് കേരളക്കര ഒന്നാകെ പറയുന്നു… പാടുന്നു… “തും ജിയോ ഹസാരോം സാൽ…!!“

– Josemon Vazhayil

Back to top button
error: