LIFETRENDING

പുലിമുരുകനെ കാണാന്‍ പൊന്നന്‍ കാത്തിരിക്കുന്നു; വൈറലായി ടീച്ചറുടെ കുറിപ്പ്‌

മ്പൂരി കുന്നത്തുമല ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപക കെ.ആർ.ഉഷാകുമാരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന പുലി മുരുകനും ഊര് മൂപ്പനുമായ ‘പൊന്നന്റെ’ (സഞ്ജീവ്) കഥയാണ് കുറിപ്പില്‍.
മോഹൻലാൽ സാറിനെ കാണാൻ കാത്തിരിക്കുന്ന ഞങ്ങളുടെ പുലി മുരുകനും ഊര് മൂപ്പനുമായ പൊന്നൻ (സഞ്ജീവ് ).
പൊന്നനും പൊന്നിയും അവരുണ്ടങ്കിലെ കാട്ടിലെ യാത്രക്ക് ഒരു ഇളക്കമുള്ളൂ. താഴ്വാരത്തിൽ നിന്നും എനിക്ക് കൂട്ട് ഇവരാണ്. കൂടെ മിനി മോളും.ഞാൻ വടിപിടിക്കുന്നത് കൊണ്ട് അവരും എന്നെ കളിയാക്കി ഓരോ വടി എടുക്കും.
സ്കൂളിൽ വരുന്ന ഗസ്റ്റുകൾ കുട്ടികളോട് ആരാകണം എന്നു ചോദിച്ചാൽ പൊന്നൻ ഉടൻ പറയും എനിക്ക് പുലിമുരുകൻ ആകണം.അവൻ ഉദ്ദേശിക്കുന്നത് അഭിനയിക്കണം എന്നാണ്. പുലിമുരുകനെ അനുകരിച്ചു കാണിക്കുകയും ചെയ്യും.
പുലിമുരുകൻ ആയിട്ട് എനിക്ക് മോഹൻലാലിനെ കാണണം ഇതാണ് അവന്റെ ഡിമാൻഡ്. പൊന്നിക്ക് ടീച്ചർ ആയാൽ മതി. പൊന്നൻ ഇപ്പോൾ നാലാം ക്ലാസ്സിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് മണക്കാട് സ്കൂളിൽ വച്ച് ഒരു പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി.
ഊര് മൂപ്പൻ പാട്ടപുരയിൽ വച്ച് വിവാഹത്തിന് വരനും വധുവിനും ഉപദേശം കൊടുക്കുന്ന ഒരു രംഗം ആണ്. ഊര് മൂപ്പൻ പൊന്നനും. ഏകദേശം അഞ്ചു മിനിറ്റോളം തുടർച്ചയായി ഡയലോഗ് മൂപ്പർക്ക് മാത്രം പറയാനുണ്ട്. മൂപ്പന് മുറുക്കാന് പകരം വായിൽ ബബിൾക്കം. ഡയലോഗ് ചില സ്ഥലത്തു ബ്രേക്ക്‌ ആകുമ്പോൾ ചവയ്ക്കുന്നതിന്റെയും മൂളുന്നതിന്റെയും തലയാട്ടുന്നതിന്റെയും കൈചൂണ്ടുന്നതിന്റെയും രംഗം കണ്ട് വലിയ കയ്യടി നേടിയിരുന്നു.
അന്നുമുതൽ ഊര് മൂപ്പൻ ആയി. ഇപ്പോഴും മൂട്ട് കാണിയെന്നും ഊര് മൂപ്പൻ എന്നും എല്ലാവരും വിളിക്കും . അവൻ സ്വയം അത് വിശേഷിപ്പിക്കുകയും ചെയ്യും. അവന്റെ ഏറ്റവും വലിയ ആഗ്രഹം അഭിനയിക്കണം മോഹൻലാൽ സാറിനെ കാണണം എന്നതാണ് ഇവിടെ നിന്ന് അഞ്ചിലേക്ക് പോകും മുൻപേ ഞാൻ സാറിനെ കാണിച്ചു കൊടുക്കാം എന്ന് വെറുതെ പറയുമായിരുന്നു. ഞാനും സ്‌ക്രീനിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്ന് പറഞ്ഞിട്ടും അവനു വിശ്വാസം ഇല്ല. അവൻ സംഗതി സീരിയസായി എടുത്തിരിക്കുന്നു വാക്ക് പാലിക്കാൻ പറ്റാത്ത ടീച്ചർ എന്നാ ഊര് മൂപ്പൻ കൽപ്പിക്കുന്നത്. അത് ശരിയല്ലേ..?
സുരേഷ്ഗോപി സാർ ഞങ്ങളുടെ അടുത്തുള്ള സെറ്റിൽ മെന്റിൽ വന്നിരുന്നു ഞങ്ങൾ അവിടെ പോയി ഊര് മൂപ്പൻ അദ്ദേഹത്തിനു പോയി കൈ കൊടുത്തു. അതുപോലെ മോഹൻലാൽ സാറിനും കൈ കൊടുക്കണം ഇതാണ് ഊര് മൂപ്പന്റെ ഭൂതി. ഊര് മൂപ്പന്റെ ആഗ്രഹം ഇവിടന്ന് പോകും മുന്നേ സാധിക്കുമോ? എവിടന്ന് അല്ലെ? കൊച്ചിനെ വെറുതെ പറഞ്ഞു മോഹിപ്പിച്ചു.😭
കോവിഡിനു ശേഷം മറ്റു വിദ്യാലയങ്ങൾ സജീവമാകുന്നതിനു മുൻപെ സജീവമായൊരു  വിദ്യാലയമാണിത്. കഴിഞ്ഞ ജൂണിൽതന്നെ തുറന്നു പ്രവർത്തിക്കുന്നത്. റഗുലർ ക്ലാസുകൾ തുടങ്ങാൻ അനുവാദമില്ലാതിരുന്നതിനാൽ സ്കൂൾ തുറക്കാതെ ലൈബ്രറിയിൽ ഇരുത്തി കുട്ടികൾക്കു സംശയനിവാരണം നൽകുന്ന രീതിയായിരുന്നു അധ്യാപിക കെ.ആർ.ഉഷാകുമാരി തുടർന്നത്.
ആദിവാസി കുടുംബങ്ങളിലെ കുട്ടികളായതിനാൽ മാതാപിതാക്കൾ കോവിഡിനെ വകവയ്ക്കാതെ ‘അന്നന്നത്തെ അഷ്ടിക്കു’ ജോലിക്കു പോകുമ്പോൾ ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ പേടിച്ച് കുട്ടികളെ വീട്ടിൽ തനിച്ചാക്കിയിട്ട് പോകാൻ വയ്യാത്തതിനാലും സ്കൂളിലാക്കുക മാത്രമായിരുന്നു വഴി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ.
അമ്പൂരിയിൽ നിന്ന് ജീപ്പിൽ തമിഴ്നാട്ടിലൂടെ സ്കൂളിനടുത്ത് എത്താൻ 1500 രൂപ ടാക്സിക്കൂലി നൽകണം. ഓട്ടോയ്ക്ക് 300 രൂപയാണ് ചാർജ്. ഇനി നെയ്യാർഡാമിലെ കുമ്പിച്ചൽ കടത്ത് കടന്ന് സ്കൂളിലെത്തണമെങ്കിൽ ഏഴു കിലോമീറ്റർ നടക്കണം. കഴിഞ്ഞ 22 വർഷമായി ഉഷാകുമാരിയുടെ യാത്ര ഇതിലൂടെയാണ്. ജയ്പൂർ കേന്ദ്രമായി പ്രവത്തിക്കുന്ന ഒരു സംഘടന നൽകിയ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ഉഷാകുമാരിയെ തേടിയെത്തിയിട്ടുണ്ട്. ലോഡിങ് തൊഴിലാളിയായ കെ.മോഹനനാണ് ഉഷാകുമാരിയുടെ ഭർത്താവ്. മക്കൾ: മോനിഷ്, രേഷ്മ.

Back to top button
error: