NEWS

സോളാർ പീഡന കേസ് സിബിഐക്ക് വിട്ടത് സർക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐക്ക് വിട്ടത് സർക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
തെരഞ്ഞെടുപ്പ് വരാൻ പോകുന്നു എന്നുവിചാരിച്ച് ഒന്നും ചെയ്യാൻപാടില്ല എന്നുണ്ടോയെന്ന് കാനം ചോദിച്ചു. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. അതിനിടയിൽ ഉള്ള സർക്കാരിന്റെ സ്വാഭാവിക നടപടിയായി ഇതിനെ കണ്ടാൽ മതി. ഇത് വരെ സ്വീകരിച്ച നടപടി പോര എന്ന് പരാതിക്കാരിപറഞ്ഞതിനാലാണല്ലോ കേസ് സിബിഐ യ്ക്ക് വിട്ടതെന്നും കാനം പറഞ്ഞു. ഉമ്മൻചാണ്ടിയാണ് യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് എന്ന് കരുതി എൽഡിഫ് എന്തിനാണ് ഭയപ്പെടുന്നതെന്നും ചോദ്യത്തിന് മറുപടിയായി കാനം ചോദിച്ചു. 2006 ലും 2016 ലും ഉമ്മൻചാണ്ടിയെയാണ് തോൽപ്പിച്ചത്. പിന്നെ എന്തിനാണ് ഞങ്ങൾക്ക് ഭയപ്പാട്.
തെരഞ്ഞെടുപ്പ് സമയത്ത് സോളാർ ഉയർന്നുവരാൻ കാരണമെന്താണ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സൂര്യൻ എല്ലാ സമയത്തും ഉണ്ട്. അത് കൊണ്ട് സൂര്യപ്രകാശവും ഉണ്ടാകുമെന്നായിരുന്നു കാനത്തിന്റെ മറുപടി. തെരഞ്ഞെടുപ്പ് സീറ്റ് ചർച്ച എൽഡിഎഫ് ആരംഭിച്ചിട്ടില്ലെന്നും പാർട്ടി സ്ഥാനാർഥികളെക്കുറിച്ചും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്ക് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നിതന് ചില നടപടി ക്രമങ്ങളുണ്ട്. പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് സംസ്ഥാന കൗൺസിൽ ചർച്ച ചെയ്ത് മാനദണ്ഡം തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാകൗൺസിലുകൾ പേര് നിർദ്ദേശിക്കും. എന്നിട്ടാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക.

ഈ മാസം 27 ന് എൽഡിഎഫ് യോഗം ചേരും
ഇവിടെ ചർച്ചകൾക്കു ശേഷം ഉഭയ കക്ഷി ചർച്ചകളിലൂടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കുക. യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയല്ലോയെന്ന ചോദ്യത്തിന് ഞങ്ങൾക്ക് സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിക്കാൻ രണ്ട് മിനിറ്റ് നേരത്തെ സമയം മതിയെന്നും കാനം പ്രതികരിച്ചു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമസൃഷ്ടിമാത്രമാണെന്ന് കാനം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികളാണ് സ്വാഭാവികമായി ചർച്ചയാവുക. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽഅതാണ് ചർച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജയം നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് ചർച്ച ചെയ്യണമെന്ന് മാധ്യമങ്ങൾ തീരുമാനിച്ചിട്ട് കാര്യമില്ല. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയെക്കുറിച്ച് ചർച്ച പോലും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: