Lead NewsNEWS

വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് വയനാട് കലക്ടര്‍

വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കലക്ടറുടെ ഇടപെടല്‍.

വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ തയാറാക്കിയിരുന്ന ടെന്റുകള്‍ക്കു സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു വയനാട് കലക്ടര്‍ പറഞ്ഞു.

മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോർട്ടിലെ ടെൻഡുകളിൽ ഒന്നിൽ ബന്ധുക്കൾക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോൾ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

റിസോർട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കൾ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പേരാമ്പ്രയിലെ ദാറു നൂജ്ഉം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന.

Back to top button
error: