Lead NewsNEWS

മേപ്പാടിയിൽ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്നു, കാട്ടാന ആക്രമിച്ച ടെൻഡിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ

മേപ്പാടിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്നു. കണ്ണൂർ സ്വദേശിനി ഷഹാന സത്താർ ആണ് മരിച്ചത്. 26 വയസ്സാണ്. ടെൻഡിൽ താമസിക്കുകയായിരുന്നു.

രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോർട്ടിലെ ടെൻഡുകളിൽ ഒന്നിൽ ബന്ധുക്കൾക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോൾ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

റിസോർട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കൾ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പേരാമ്പ്രയിലെ ദാറു നൂജ്ഉം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന.

Back to top button
error: